കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ ക്രൂരമായ ബലാത്സംഗ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുളള ശിക്ഷാനടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ബംഗാള്‍ സര്‍ക്കാര്‍.
വിവിധ വകുപ്പുകളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ‘അപരാജിത’ ബില്‍ കഴിഞ്ഞ ദിവസം ബംഗാള്‍ നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയിരുന്നു. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെയാണ് പ്രതികള്‍ക്ക് ഈ ബില്‍ ഉറപ്പുവരുത്തുന്നത്.
ബില്ലില്‍ വധശിക്ഷയും പിഴയും തന്നെ ശുപാര്‍ശ ചെയ്യുന്നു. കൂടാതെ, ഈ പിഴത്തുക അതിജീവിതയുടെ ചികിത്സയ്ക്കും പുനരുജ്ജീവനത്തിനുമായി ചിലവിടണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
കൂട്ടബലാത്സംഗത്തിനുള്ള ശിക്ഷകളെക്കുറിച്ച് പറയുന്ന 70-ാം വകുപ്പിലെ 20 വര്‍ഷ കഠിന തടവെന്ന ശിക്ഷ എടുത്തുമാറ്റി വധശിക്ഷ തന്നെയാണ് ബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.
ഇരയുടെ വ്യക്തിത്വം പുറത്തുവിട്ടാലും ഇനി ശിക്ഷ കടുക്കും. ഭാരതീയ ന്യായ സംഹിതയില്‍ പരമാവധി രണ്ട് വര്‍ഷത്തെ തടവുശിക്ഷ എന്നതില്‍ ഭേദഗതി വരുത്തി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയാണ് ‘അപരാജിത’ ബില്ലില്‍ പറയുന്നത്. ഇവയ്ക്കെല്ലാം പുറമെ പോക്സോ കേസിലും ശിക്ഷ കടുപ്പിച്ചിരിക്കുകയാണ്. ലൈംഗികാതിക്രമ കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും നിയമത്തിലുണ്ട്.