ആന്ധ്ര, തെലങ്കാന വെള്ളപ്പൊക്കത്തില്‍ മരണം 19 ആയി; 20,000ലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു, 140 ട്രെയിനുകള്‍ റദ്ദാക്കി

 ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ ഉയരുന്നു.

രണ്ട് ദിവസത്തിനിടെ 19 പേർ മരിച്ചു. ആന്ധ്രാപ്രദേശില്‍ ഒമ്ബതു പേർക്കും തെലങ്കാനയില്‍ 10 പേർക്കുമാണ് ജീവൻ നഷ്ടമായത്.

ആന്ധ്രയിലെ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേർ ഒഴുകിപ്പോയതായി സംശയിക്കുന്നതായും തെലങ്കാനയില്‍ ഒരാളെ കാണാതായതായും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. വിവിധ ഭാഗങ്ങളില്‍നിന്ന് 20,000ലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. 140 ട്രെയിനുകള്‍ റദ്ദാക്കുകയും 97 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 6,000ത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്.

തുടർച്ചയായി പെയ്യുന്ന മഴ സംസ്ഥാനത്തുടനീളം കനത്ത നാശമാണ് വിതയ്ക്കുന്നത്. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ന്യൂനമർദത്തെ തുടർന്നാണ് ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഗതാഗതം താറുമാറാവുകയും വിവിധ റോഡുകള്‍ അടച്ചിടുകയും ചെയ്തു. ഇതോടെ നിരവധി പ്രദേശങ്ങള്‍ക്ക് പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെടാനും കാരണമായി.

ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങള്‍ രക്ഷാപ്രവർത്തനം തുടരുകയാണ്. വെള്ളപ്പൊക്കം അതിശക്തമായ ആന്ധ്രയിലെ വിജയവാഡയില്‍ മാത്രം 2.76 ലക്ഷം ആളുകളെയാണ് ദുരിതം ബാധിച്ചത്. തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിലും കനത്ത മഴ തുടരുകയാണ്. നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഹൈദരാബാദ് ജില്ലയില്‍ സെപ്തംബർ രണ്ടിന് എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനുമായി ദേശീയ ദുരന്തനിവാരണ സേനയുടെ 26 സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ബോട്ടുകള്‍, വിവിധതരം യന്ത്രങ്ങള്‍, അടിസ്ഥാന വൈദ്യസഹായ ഉപകരണങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഇരു സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ ആരാഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും മോദി ഇരു മുഖ്യമന്ത്രിമർക്കും ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *