ഡബ്ല്യുസിസിയിലെ ആ സ്ഥാപക അംഗ നടി ആര്: പേര് പുറത്ത് പറയാന്‍ എന്താണ് ഭയം? തുറന്നടിച്ച്‌ ഭാഗ്യലക്ഷ്മി

നടി അക്രമിക്കപ്പെട്ട കേസിലെ അതിജീവിതയോടൊപ്പം നിന്നതുകൊണ്ട് തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി.

ഇവിടെ കുറേ വലിയ രാജാക്കന്മാർ ഉണ്ടല്ലോ. അവരൊക്കെ ആരോടൊപ്പമാണ് നില്‍ക്കുന്നത്, കുറ്റവാളിയോടൊപ്പം. നമ്മള്‍ അതിജീവിതയോടൊപ്പം നില്‍ക്കുന്നു. സ്വാഭാവികമായും നമ്മളെ മാറ്റി നിർത്തുന്നു. എന്ന് കരുതി ഞാന്‍ മാറി നില്‍ക്കില്ല. ഞാന്‍ ഇനിയും അതിജീവിതമാരോടൊപ്പം നില്‍ക്കുമെന്നും ഭാഗ്യ ലക്ഷ്മി വ്യക്തമാക്കുന്നു.

ഈ രംഗത്തേക്ക് ഓരോ പടിയായി കയറി വന്ന വ്യക്തിയാണ് ഞാന്‍. ഒരു സിനിമയില്‍ ഞാന്‍ ഡബ്ബ് ചെയ്യാന്‍ പോയിരുന്നു. എന്നാല്‍ ആ സംവിധായകന്‍ പറഞ്ഞത് അനുസരിക്കാത്തതുകൊണ്ട് പകുതി വരെ ഡബ്ബ് ചെയ്ത സിനിമയില്‍ നിന്നും എന്നെ പുറത്ത് ഇറക്കിവിട്ടിട്ടുണ്ട്. ഞാന്‍ നിശബ്ദമായി അവിടെ നിന്നും ഇറങ്ങിപ്പോവുകയാണ് ചെയ്തത്. എന്നാല്‍ അതുകൊണ്ട് എന്നെ സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ സാധിച്ചില്ല.

വേറൊരു സംവിധായകന്‍ എന്നോട് മോശമായി സംസാരിച്ചു. അതിനെതിരെ ഞാന്‍ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു. അവിടെ സ്ത്രീ ഡബ്ബിങ് ആർട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ ഒറ്റക്കെട്ടായി എന്നെ ആക്രമിക്കാന്‍ വന്നു. അവസാനം എംവിഎം സ്റ്റുഡിയോയുടെ മുതലാളിയാണ് എന്നെ വണ്ടിയില്‍ കയറ്റി പുറത്തെത്തിച്ചത്. ഞാന്‍ പകുതിയോളം പ്രവർത്തിച്ച ആ സിനിമ പിന്നീട് പൂർത്തിയാക്കുന്നത് മറ്റൊരു സ്ത്രീയാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു.

ഒരോ നായികമാരും തനിക്ക് താഴെ ജോലി ചെയ്യുന്ന സ്ത്രീകളോടൊപ്പം നില്‍ക്കണം. അവർ ആക്രമിക്കപ്പെടുമ്ബോഴും നല്ല ഭക്ഷണവും താമസ സൌകര്യം ഇല്ലെങ്കിലും എല്ലാവരും ഇടപെടണം. എല്ലാവരും ഇടപെട്ടാല്‍ മാത്രമേ ഇതിന് അകത്ത് ഒരു മാറ്റം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

അതേസമയം റിപ്പോർട്ടില്‍ പരാമർശിച്ച ഡബ്ല്യുസിസിയിലെ പ്രാഥമിക അംഗത്തിന്റെ പേര് ഇവർ പുറത്ത് വിടണമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആ സ്ഥാപക അംഗത്തിന്റെ പേര് പുറത്ത് വിടണമായിരുന്നു. ആ വിഷയം പീഡനം ഒന്നുമല്ല. അത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. എന്തായാലും അതുപോട്ടെ, അതിനെ ചോദ്യം ചെയ്യുന്നില്ല. എ ഇവിടെയുള്ള സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ ശബ്ദമുയർത്താൻ വേണ്ടിയാണ് ഹേമ കമ്മിറ്റിയും ഡബ്ല്യുസിസിയും രൂപീകരിച്ചത്.

ഇതിനെല്ലാം മുന്നില്‍ നിന്നവർ ഇപ്പോള്‍ സഹകരിക്കുന്നില്ലെങ്കില്‍ അവരുടെ പേര് പറയണം. ഇവിടെ അവരുടെ പേര് പോലും ആരും പറയുന്നില്ല. അപ്പോള്‍ ഇവർ ആരെയാണ് ഭയപ്പെടുന്നത്. അവർ ഇവർക്ക് സിനിമയൊന്നും കൊടുക്കുന്നില്ലാലോ. ശക്തമായിട്ട് ആ പേര് പുറത്ത് പറയട്ടെ എല്ലാത്തിനും എല്ലാവർക്കും ഒരു രഹസ്യവും മൂടി വെക്കലും. അങ്ങനെ നമുക്ക് ഒരു തൊഴില്‍ ചെയ്യാന്‍ പറ്റില്ല.

ഭാഗ്യലക്ഷ്മിയെ പോലെ പ്രതികരിക്കാൻ പറ്റുമോ എന്ന് ചോദിച്ചാല്‍ ഭാഗ്യലക്ഷ്മി ഒന്നുമാവാതിരുന്ന സമയത്തും പ്രതികരിച്ച ആളാണ്. ഞാൻ ഡബ്ല്യുസിസിയിലെ അംഗമല്ല. എന്നെ അവർ അതില്‍ കൂട്ടിയിട്ടും ഇല്ല. എനിക്കതിന് താല്‍പര്യവുമില്ല. ഡബ്ല്യു സി സിയിലെ അംഗമല്ലാതിരുന്നിട്ടും ഞാന്‍ ഡബ്ബ് ചെയ്തിട്ട് അഞ്ച് വർഷമായി. പക്ഷെ ഞാന്‍ അതൊരു പ്രശ്നമായി കാണുന്നില്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു.

അതേസമയം, ഡബ്ല്യു സി സി സ്ഥാപക അംഗമായ ഒരു നടിക്ക് മാത്രം അവസരങ്ങള്‍ തുടരെ ലഭിക്കുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ നടിക്ക് മാത്രമാണ് സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച്‌ പറഞ്ഞത്. ഇത്തരം അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്ന് ഈ നടി പറഞ്ഞു. ഇൻഡസ്ട്രിയിലെ പുരുഷൻ‌മാർക്കെതിരെ ഈ നടി മനപ്പൂർവം സംസാരിക്കാതിരിക്കുകയാണ്. മലയാള സിനിമാ രംഗത്ത് നിന്നും പുറത്താകാതിരിക്കാനുള്ള സ്വാർത്ഥ ലക്ഷ്യം മാത്രമാണ് ഇതിന് കാരണമെന്ന ശ്രദ്ധേയമായ പരാമർശവും ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *