വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സർക്കാർ ആറുലക്ഷംരൂപ ധനസഹായം നല്‍കും.
മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കും.
സംസ്ഥാന ദുരിതാശ്വാസ നിധിയില്‍നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുമായിരിക്കും അനുവദിക്കുക. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിച്ചവർക്ക് 75000 രൂപ സഹായധനമായി നല്‍കും. 40 % – 50% വരെ വൈകല്യം ബാധിച്ചവർക്ക് 50,000 രൂപയും സിഎംഡിആർഎഫില്‍ നിന്ന് അനുവദിക്കും. ഗുരുതരമായ പരിക്കു പറ്റിയവർക്കും 50000 രൂപ ഇതിന് പുറമെ അനുവദിക്കും.
വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടി വരുന്നവർക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാർ ഉടമസ്ഥതയിലും പൊതു ഉടമസ്ഥതയിലും സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന വീടുകള്‍ക്കും ഇത്തരത്തില്‍ വാടക നല്‍കേണ്ടതില്ലെന്നും പകുതി സ്പോണ്‍സർഷിപ്പ് നല്‍കുന്ന വീടുകള്‍ക്ക് ബാക്കിയുള്ള തുക നല്‍കുമെന്നും കൂട്ടിച്ചേർത്തു.
മരിച്ചവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കുമ്ബോള്‍ കോവിഡ് കാലത്ത് സ്വീകരിച്ച നടപടിയായിരിക്കും ഉണ്ടാകുക. ദുരന്തത്തില്‍പെട്ട് കാണാതായവരുടെ ആശ്രിതർക്കും സഹായം നല്‍കും. പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടെ കാര്യത്തില്‍ പുറപ്പെടുവിച്ചതുപോലെ പോലീസ് നടപടികള്‍ പൂർത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും. അത് അടിസ്ഥാനമാക്കി ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കും.
വയനാട് ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീര ഭാഗങ്ങളും കണ്ടെത്തി. മേപ്പാടിയില്‍ നിന്ന് 151 മൃതദേഹങ്ങളും നിലമ്ബൂരില്‍ നിന്ന് 80 മൃതദേഹങ്ങളും കണ്ടെത്തി. 39 ശരീരഭാഗങ്ങളാണ് മേപ്പാടിയില്‍ നിന്ന് കണ്ടെത്തിയത്. 172 ശരീര ഭാഗങ്ങളാണ് നിലമ്ബൂരില്‍ നിന്ന് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ ശരീര ഭാഗങ്ങളുടേയും മൃതദേഹങ്ങളുടേയും പോസ്റ്റ്മോർട്ടം കഴിഞ്ഞു. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും രണ്ട് ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സർക്കാർ പുറപ്പെടുവിച്ച പ്രത്യേക മാർഗനിർദേശപ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാർത്ഥനയോടെ സംസ്കരിച്ചു. കഴിഞ്ഞദിവസം 5 ശരീര ഭാഗങ്ങള്‍ കൂടി നിലമ്ബൂരില്‍ നിന്ന് കണ്ടെത്തി. മനുഷ്യരുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 415 സാമ്ബിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇതില്‍ 401- ന്റെ ഡിഎൻഎ പരിശോധന പൂർത്തിയാക്കി. 349 ശരീരഭാഗങ്ങള്‍ 248 ആളുകളുടേതാണ്. 121 പുരുഷൻമാരും 127 സ്ത്രീകളും. 52 ശരീരഭാഗങ്ങള്‍ പൂർണമായും അഴുകിയ നിലയിലാണ്. ഡിഎൻഎ പരിശോധനയ്ക്ക് 115 പേരുടെ രക്ത സാമ്ബിളുകള്‍ ശേഖരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.