ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കി ജനങ്ങളെ മാറ്റണമായിരുന്നു, എന്‍ഡിആര്‍എഫിന്റെ 9 ടീമുകളെ കേന്ദ്രം ജൂലൈ 23 ന് കേരളത്തിലേക്ക് അയച്ചിരുന്നു ; മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രം

കേരളത്തിന് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്രം. ജൂലൈ 23 മുതലാണ് കേരള സര്‍ക്കാരിനെ മുന്നറിയിപ്പുകള്‍ അറിയിച്ചതെന്നും ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് എന്‍ഡിആര്‍എഫിന്റെ 9 ടീമുകളെ കേന്ദ്രം ജൂലൈ 23 ന് കേരളത്തിലേക്ക് അയച്ചിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറിപ്പിലൂടെ അറിയിച്ചു.

ഉരുള്‍പൊട്ടലില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞതിനെ മുഖ്യമന്ത്രി തള്ളിയിരുന്നു. പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറിപ്പ് പുറത്തിറക്കിയത്.

കേന്ദ്രത്തെ പഴിചാരുന്നവര്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നോക്കിയിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. പ്രതിപക്ഷത്തിന് മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ച്‌ അറിയില്ല എന്നത് ഗുണകരമല്ല. പക്ഷേ അറിഞ്ഞിട്ടും അവര്‍ രാഷ്ട്രീയം കളിയ്ക്കുകയാണെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്നും കുറിപ്പില്‍ പറയുന്നു.

ജൂലൈ 23 മുതല്‍ ജൂലൈ 30 വരെ എല്ലാ ദിവസവും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ 20 സെന്റിമീറ്ററിലധികം മഴ പെയ്യുമെന്നും പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ 12 സെന്റിമീറ്റര്‍ മഴ പെയ്യുമെന്നും ജൂലൈ 30 ന് 20 സെന്റിമീറ്ററിലധികം മഴ പെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രാദേശികമായി ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കനത്ത മഴ പെയ്താല്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സ്ഥലമാണ് വയനാടെന്നും അതിനാല്‍ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറ്റണമായിരുന്നു എന്നുമാണ് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ എല്ലാകാലത്തും നാട്ടില്‍ പരിഗണിക്കപ്പെടാറുണ്ടെന്നും രാവിലെ ആറ് മണിയോടെ മാത്രമാണ് പ്രദേശത്ത് റെഡ് അലേര്‍ട്ട് നല്‍കിയതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതുവരെയും ഓറഞ്ച് അലേര്‍ട്ടായിരുന്നു. എന്‍ഡിആര്‍എഫിനെ അയച്ചത് കേരളം ആവശ്യപ്പെട്ടത് പ്രകാരമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *