എക്‌സൈസ് വകുപ്പിനെ നവീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നയം: മന്ത്രി എം ബി രാജേഷ്

എക്‌സൈസ് വകുപ്പിനെ ആധുനിക വല്‍ക്കരിക്കുക എന്നതിനാണ് സംസ്ഥാന സർക്കാർ ഊന്നല്‍ നല്‍കുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.അമരവിള എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണ ഉദ്ഘാടനം അമരവിളയിലെ ഓഫീസ് അങ്കണത്തില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാൻ എക്‌സൈസ് വകുപ്പിനെ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്.

പത്തുപതിനഞ്ചു കൊല്ലം മുമ്ബ് നേരിടുന്ന വെല്ലുവിളികള്‍ അല്ല ഇന്ന് വകുപ്പ് അഭിമുഖീകരിക്കുന്നത്. മയക്കുമരുന്ന് വലിയ വിപത്തായി കേരളത്തില്‍ മാറിയിട്ടുണ്ട്. നിറം, മണം അല്ലെങ്കില്‍ മറ്റേതെങ്കിലും സവിശേഷത കൊണ്ട് എളുപ്പത്തില്‍ തിരിച്ചറിയാൻ കഴിയാത്ത മാരകമായ സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനമടക്കം തടയേണ്ടതുണ്ട്. ഇത്തരം ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ക്കിടയില്‍ പലപ്പോഴും വലിയ ആക്രമണങ്ങളെ സേന നേരിടേണ്ടി വരുന്നുണ്ട്. ജീവനുതന്നെ വെല്ലുവിളിയാകുന്ന ആക്രമണങ്ങള്‍ പലഘട്ടത്തിലും ജോലിക്കിടയില്‍ നേരിടേണ്ടി വന്ന സാഹചര്യത്തിലും എക്‌സൈസ് ഉദ്യോഗസ്ഥർ അർപ്പണ മനോഭാവത്തോടെ ദൗത്യം നിറവേറ്റി.

സംസ്ഥാന സർക്കാർ മൂന്നാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഒരുകോടി മുപ്പത് ലക്ഷം രൂപ വിനിയോഗിച്ച്‌ അമരവിളഎക്‌സൈസ് കെട്ടിട നിർമാണം ആരംഭിക്കുന്നത്. അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശമാണെന്നതുകൊണ്ടുതന്നെ എക്‌സൈസ് ജാഗരൂകമായ പ്രവർത്തനവും ശക്തമായ നിരീക്ഷണവും ഫലപ്രദമായ ഇടപെടലും നടത്തേണ്ട മേഖലയാണിത്. കൂടുതല്‍ മെച്ചപ്പെട്ട പ്രവർത്തനങ്ങള്‍ക്ക് റേഞ്ച് ഓഫീസ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തറക്കല്ലിടിനു ശേഷം ഒട്ടും കാലതാമസമില്ലാതെ നിശ്ചയിച്ച സമയത്ത് തന്നെ പണി പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ എക്‌സൈസ് വകുപ്പ് ഉറപ്പുവരുത്തും.

കേരളത്തില്‍ 102 എക്‌സൈസ് ഓഫീസുകളാണ് വാടകക്കെട്ടിടത്തില്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന എല്ലാ എക്‌സൈസ് ഓഫീസുകള്‍ക്കും സ്വന്തം കെട്ടിടം നിർമ്മിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് ഓഫീസുകളുടെ നിർമ്മാണം നടക്കുന്നത്. സമൂഹത്തിലെ ഹിംസയുടെ കാരണങ്ങളിലൊന്ന് മയക്കുമരുന്നിന്റെ വ്യാപനമാണ്. വ്യക്തിയുടെ വിവേചനബുദ്ധി ഇല്ലാതാക്കുന്ന ഇത്തരം വെല്ലുവിളികളെ നേരിടാൻ എക്‌സൈസ് വകുപ്പിന് ആധുനികമായ സംവിധാനങ്ങള്‍ ഉണ്ടാകണം. ആധുനികമായ ചോദ്യംചെയ്യല്‍ മുറികള്‍, കേസന്വേഷണത്തിനാവശ്യമായ ആധുനിക സങ്കേതങ്ങള്‍, ഡിജിറ്റല്‍ വയർലസ്സുകള്‍, ആവശ്യമായ ആധുനിക വാഹനങ്ങളടക്കം എക്‌സൈസ് വകുപ്പിന് നല്‍കുകയാണ്. എൻഫോഴ്‌സ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തിയും നവീന സാങ്കേതിക വിദ്യകളുടെ സഹായത്താലും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരി കടത്തിന്റെ ഉറവിടമടക്കം തിരിച്ചറിയാൻ കഴിയുന്ന രീതിയിലുള്ള മാറ്റമാണ് വകുപ്പില്‍ നടക്കുന്നത്. കൗണ്‍സലിംഗ്, പുനരധിവാസം, ആവശ്യമായ ചികില്‍സ നിർദേശങ്ങളടക്കം നല്‍കുന്ന എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

കെ. ആൻസലൻ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്‌സൈസ് കമ്മീഷണർ മഹിപാല്‍ യാദവ് സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ലൈജു. എം.ജി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗണ്‍സിലർമാരായ കല ടീച്ചർ, കെ.സുരേഷ് റ്റി. സജുകുമാർ, ജോയിന്റ് എക്‌സൈസ് കമ്മീഷണർ ഡി. ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *