മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭ രൂപീകരണവുമായുള്ള ചർച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. നാല് എംപിമാരുള്ള മുന്നണി പാർട്ടിക്ക് ഒരു കാബിനെറ്റ് മന്ത്രിയെന്ന ഫോർമുലയാണ് ബിജെപി മുന്നോട്ടുവച്ചത്.
ഈ ഫോർമുല പിന്തുടർന്നാല്‍ ടിഡിപിക്ക് നാല് മന്ത്രിമാരും ജെഡിയുവിന് മൂന്ന് മന്ത്രിമാരെയും ലഭിക്കും. എന്നാല്‍ സ്പീക്കർ പദവി തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ടിഡിപി. സ്പീക്കർ പദവി ലഭിച്ചില്ലെങ്കില്‍ മുന്നണിയോട് ബൈ പറയാൻ വരെ ചന്ദ്രബാബു നായിഡു തയ്യാറായേക്കും.
എന്നാല്‍ എന്തുകാരണത്താലാണ് ടിഡിപി സ്‌പീക്കർ സ്ഥാനത്തിന് വേണ്ടി വാശിപിടിക്കുന്നത്? പരിശോധിക്കാം..
ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ മൂന്നാം മോദി സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് എൻഡിഎ. 2014, 2019 എന്നീ വർഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തത് കൊണ്ട് ടിഡിപി, ജെഡിയു പാർട്ടികളുടെ പിന്തുണ എൻഡിഎയ്ക്ക് അത്യാവശ്യമാണ്. 240 സീറ്റ് നേടിയ ബിജെപിക്ക് കേവലഭൂരിപക്ഷം തികയ്ക്കണമെങ്കില്‍ ജെഡിയുവിന്റെ 12 സീറ്റും ടിഡിപിയുടെ 16 സീറ്റും വേണ്ടിവരും. നിർണായകമായ ഈ സാഹചര്യത്തില്‍ രണ്ട് പാർട്ടികളുടെയും ആവശ്യങ്ങള്‍ ബിജെപിക്ക് മുഖവിലയ്‌ക്കെടുക്കാതിരിക്കാൻ സാധിക്കില്ല.
അതുകൊണ്ട് തന്നെ സ്പീക്കർ പദവി കിട്ടിയേ പറ്റൂ എന്ന വാശിയിലാണ് ടിഡിപി. പരമ്ബരാഗതമായി കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ് ഈ പദവി വഹിക്കുന്നത്. ബുധനാഴ്ചത്തെ എൻഡിഎ യോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ചില്ലെങ്കിലും ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം വാക്കാല്‍ അറിയിച്ചത്. സ്പീക്കർ സ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നായിഡുവിന് കൃത്യമായി അറിയാവുന്നതിനാലാണ് ഈ നീക്കം നടത്തിയതെന്ന് ടിഡിപി വൃത്തങ്ങള്‍ പറയുന്നു. പ്രത്യേകിച്ചും സർക്കാർ സഭയില്‍ അവിശ്വാസ പ്രമേയം അഭിമുഖീകരിക്കുമ്ബോള്‍ നിർണായക തീരുമാനമെടുക്കുന്നത് സ്പീക്കറാണ്.
1998ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ എൻഡിഎ സർക്കാരിന് നായിഡു പിന്തുണ വാഗ്ദാനം ചെയ്തപ്പോള്‍, അദ്ദേഹം ക്യാബിനറ്റ് മന്ത്രിപദം ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ സ്പീക്കർ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. ജിഎംസി ബാലയോഗിയായിരുന്നു അന്ന് നായിഡുവിന്റെ നോമിനി. 1999 ഏപ്രിലില്‍ വാജ്‌പേയിയുടെ സർക്കാർ നിർണായകമായ വിശ്വാസ പ്രമേയത്തില്‍ ഒറ്റ വോട്ടിന് പരാജയപ്പെട്ടപ്പോള്‍, ഗിരിധർ ഗമാംഗിനോട് ‘മനസാക്ഷി പ്രകാരം’ വോട്ട് ചെയ്യാൻ ഉപദേശിച്ചത് ബാലയോഗിയാണ്. അതുകൊണ്ട് ടിഡിപിക്ക് സ്പീക്കറുടെ പങ്ക് എത്ര നിർണായകമാണെന്ന് കൃത്യമായി അറിയാം. ഗമാംഗിനെ വോട്ട് ചെയ്യാൻ അനുവദിച്ച നടപടി വാജ്‌പേയി സർക്കാരിന് നഷ്ടമുണ്ടാക്കി.