മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത; പശ്ചിമ ബംഗാളില്‍ നാശം വിതച്ച്‌ റിമാല്‍ ചുഴലിക്കാറ്റ്; വിവിധ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരങ്ങളില്‍ വീശിയടിച്ച റിമാല്‍ ചുഴലിക്കാറ്റില്‍ വൻ നാശനഷ്ടം. മണിക്കൂറില്‍ 135 കിലോമീറ്റർ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് വീശിയടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയാണ് റിമാല്‍ കര തൊട്ടത്.

ഇന്നലെ ഉച്ചയോടെ ശക്തിപ്രാപിച്ച ചുഴലിക്കാറ്റ് രാത്രി 8.30ഓടെയാണ് പശ്ചിമബംഗാള്‍ തീരത്തെത്തിയത്. ബംഗ്ലാദേശിലെ സാഗർ ഐലൻഡിനും ബംഗാളിലെ ഖേപുപാറയ്‌ക്കും ഇടയിലൂടെയാണ് റിമാല്‍ കര തൊട്ടത്. കാറ്റിന്റെ പ്രഭാവം ബംഗ്ലാദേശിലെ മോഗ്ല മേഖലയില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി.

ഇന്ന് ഉച്ചയോടെ റിമാല്‍ ദുർബലമായി തീവ്ര ന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗാള്‍, മേഘാലയ, അസം, ത്രിപുര, മിസോറം, നാഗാലാൻഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെയും ന്യൂനമർദ്ദത്തിന്റെയും ഫലമായി ഈ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്‌ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പശ്ചിമ ബംഗാളിന്റെ വിവിധ ഇടങ്ങളില്‍ അടുത്ത നാല് മണിക്കൂർ കാറ്റ് വീശിയടിക്കാനാണ് സാധ്യതയെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് ബാധിക്കുന്ന എല്ലാ മേഖലകളിലേക്കും എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ കുറിച്ചു. ചുഴലിക്കാറ്റ് തീരം തൊട്ടതിനാല്‍ കൊല്‍ക്കത്ത വിമാനത്താവളവും ട്രെയിൻ സർവീസുകളും താത്കാലികമായി നിർത്തി വച്ചു.

Leave a Reply

Your email address will not be published. Required fields are marked *