ബാർ ഉടമകളും സർക്കാരും തമ്മില്‍ ധാരണയുണ്ടെന്നും പുറത്ത് വന്ന സംഭാഷണം അതിന് തെളിവാണെന്നും കോണ്‍ഗ്രസ് നേതാവും കെപിസിസി അധ്യക്ഷനുമായ വിഎം സുധീരൻ.
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്ട്സാപ്പിലൂടെ നല്‍കിയ ശബ്ദ സന്ദേശം നേരത്തെ പുറത്തായിരുന്നു. ഈ വിഷയത്തിലായിരുന്നു സുധീരന്റെ പ്രതികരണം.
അതേസമയം പിണറായി സർക്കാർ അധികാരത്തിലേറുമ്ബോള്‍ 29 ബാറുകള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത് എന്നും ഇന്ന് അത് ആയിരത്തിലേറെയാക്കി പിണാറായി സർക്കാർ വർധിപ്പിച്ചുവെന്നും സുധീരൻ ആരോപിച്ചു. വിജിലൻസ് അന്വേഷണം പര്യാപ്തമല്ലെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ മദ്യനയത്തില്‍ അടിമുടി മാറ്റം വരുത്തണമെന്നും ഒരു കാരണവശാലും ഐടി പാർക്കുകളില്‍ മദ്യത്തിന് അനുമതി നല്‍കാൻ പാടില്ലെന്നും സുധീരൻ ആവശ്യപ്പെട്ടു. വാർത്തകള്‍ പുറത്ത് കൊണ്ടുവന്നത് മാധ്യമങ്ങളാണെന്നും വാർത്തയുടെ സത്യാവസ്ഥ പുറത്തു വരേണ്ടത് അത്യാവശ്യമാണെന്നും സുധീരൻ പറഞ്ഞു.