സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലമായ കാറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ജനങ്ങള്‍ ചിന്തിക്കുന്നത് എല്‍ഡിഎഫിനെക്കുറിച്ചാണെന്ന് വ്യക്തമാക്കിയ സിപിഐ സെക്രട്ടറി തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ഇതിൻ്റെ തെളിവാണെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കാൻ ശ്രമിക്കുന്ന കോണ്‍ഗ്രസിനോട് ചില ചോദ്യങ്ങളും ബിനോയ് വിശ്വം ഉന്നയിച്ചു. ബിജെപിക്ക് എതിരായ പോരാട്ട ഭൂമി ഇതാണോ. ഒരു എം പി പോലും ബിജെ പിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പുള്ള സ്ഥലത്താണോ പോരാട്ടം നടത്തേണ്ടത്. കോണ്‍ഗ്രസിൻ്റെ രാഷ്ട്രീയ ബുദ്ധി ചോദ്യം ചെയ്യപ്പെടുകയാണ്.
എല്‍ഡിഎഫ് നല്ല ഐക്യത്തില്‍ മുന്നോട്ട് പോകുന്നുവെന്നും തിരഞ്ഞെടുപ്പിന് സജ്ജമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എന്ന് ഇലക്ഷൻ പ്രഖ്യാപിച്ചാലും ഇടതുമുന്നണി സജ്ജമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം യുഡിഎഫിൻ്റെ സ്ഥിതി അതല്ലെന്നും വ്യക്തമാക്കി. മറുഭാഗത്ത് ഒരു പാർട്ടിയിലും ഐക്യമില്ല. യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധത്തിന് കൈകോർക്കുന്നു. അവർക്ക് പഴയകൈത്തഴമ്ബ് ഉണ്ട്. അത് മാഞ്ഞ് പോയിട്ടില്ലെന്നും ബിനോയ് വിശ്വം പരിഹസിച്ചു.
കോണ്‍ഗ്രസ് ചാഞ്ചാട്ടം കാണിക്കുന്ന പാർട്ടിയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. അയോധ്യ പ്രാണ പ്രതിഷ്ഠക്ക് ഗോഡ്സെയുടെ പാർട്ടി വിളിച്ചപ്പോള്‍ ഗാന്ധിയുടെ പാർട്ടി ചാഞ്ചാടിയെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യൻ ന്യൂനപക്ഷ കമ്മിഷനില്‍ ക്രൈസ്തവ പ്രാതിനിധ്യമില്ല. ന്യൂനപക്ഷാവകാശത്തെ രാഷ്ട്രീയ നിലപാടിൻ്റെ ഭാഗമായി കാണുന്ന ഇടതുപക്ഷത്തെ ന്യൂനപക്ഷം മിത്രങ്ങളായി കാണുന്നു. സ്ഥാനാർത്ഥിയായി പ്രഖാപിക്കുന്നവർ എല്ലാം ജനകീയരാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കേരളത്തില്‍ മത്സരിക്കുന്ന നാല് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും ബിനോയ് വിശ്വം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയില്‍ യുവനേതാവ് സി എ അരുണ്‍ കുമാർ, തൃശ്ശൂർ വി എസ് സുനില്‍ കുമാർ, വയനാട് ആനി രാജ എന്നിവർ മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നാലു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടത്. നേരത്തെ ബന്ധപ്പെട്ട ജില്ലാ കൗണ്‍സിലുകള്‍ സ്ഥാനാർത്ഥികളെ സംബന്ധിച്ച നിർദ്ദേശം സംസ്ഥാന കൗണ്‍സിലിന് കൈമാറിയിരുന്നു. കേന്ദ്ര നേതൃത്വത്തിൻ്റെ അനുമതിയോടെയായിരുന്നു സംസ്ഥാന കൗണ്‍സില്‍ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.