തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. മൈസൂരുവില്‍ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്.
രാവിലെ 9 മണിയോടെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ഇവിടെ നിന്ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. ജനുവരി മുതല്‍ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.
പ്രധാനമന്ത്രിക്ക് ഇന്ന് തമിഴ്നാട്ടിലും പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികള്‍ പൂർത്തിയാക്കി തമിഴ്നാട്ടില്‍ എത്തുന്ന നരേന്ദ്ര മോദി, വൈകീട്ട് 4:15ന് തിരുനെല്‍വേലിയില്‍ ബിജെപി പൊതുയോഗത്തില്‍ പ്രസംഗിക്കും. സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതല്‍ ജയസാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലമായ തിരുന്നേല്‍വേലിയില്‍, പാർട്ടിയുടെ നിയമസഭ കക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ ആണ് സ്ഥാനാർഥി. കഴിഞ്ഞയാഴ്ച നൈനാറുടെ ജീവനക്കാർ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ലൈയിങ് സ്‌ക്വാഡ് 4 കോടി രൂപ പിടിച്ചത് വിവാദമായിരുന്നു. ഈ വർഷം എട്ടാം തവണയാണ് മോദി തമിഴ്നാട് സന്ദർശിക്കുന്നത്. മോദിക്ക് നാളെയും തമിഴ്നാട്ടില്‍ പരിപാടികള്‍ ഉണ്ട്. ഈ മാസം 19നാണ് തമിഴ്നാട്ടില്‍ വോട്ടിംഗ്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആട്സ് ആൻഡ് സയൻസ് കോളേജില്‍ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളില്‍ റോഡ് ഷോ നടത്തും. പുല്‍പ്പള്ളിയിലെ കർഷക സംഗമത്തില്‍ രാഹുല്‍ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുല്‍ പങ്കെടുക്കും.