ബാബുരാജ് കൃഷ്ണൻ
സോഷ്യൽ മീഡിയ തുറന്നാൽ സർവത്ര ബോച്ചെ മയം. ബോചെയെ കോമാളി എന്നു പരിഹസിച്ചവരും കാശ് എല്ലിന്റിടയിൽ കുത്തിയതിന്റെ കുഴപ്പമാണെന്ന് ആക്ഷേപിച്ചവരുമെല്ലാം ഇപ്പോൾ ബോചെയുടെ അപദാനങ്ങൾ വാഴ്ത്തുന്നു. റിയാദ് ജയിലിൽ 18 വർഷമായി കഴിയുന്ന അബ്ദുൽ റഹിമിനെ വധശിക്ഷയിൽ നിന്നു മോചിപ്പിക്കാൻ 34 കോടി ബ്ലഡ് മണി കൊടുക്കണമെന്ന സൗദി കോടതി തീർപ്പ് പുറത്തു വന്നപ്പോൾ അതു അസാധ്യം എന്നു കരുതിയിരുന്നവരെ ഞെട്ടിച്ചത് ബോച്ചെ എന്ന ബോബി ചെമ്മണ്ണൂർ ആണ്.
സ്വന്തം കയ്യിൽ നിന്നു ഒരു കോടി കൊടുത്ത ശേഷം മകര ചൂട് വക വെക്കാതെ യാചന യാത്ര നടത്തി 34 കോടിക്കപ്പുറത്തേക്ക് തുക എത്തിച്ചതിന്റെ ഒന്നാമത്തെ ക്രെഡിറ്റ് ബോച്ചെക്കുള്ളതാണ്. മതത്തിനും ജാതിക്കും അപ്പുറത്തുള്ള മഹത്തായ മനുഷ്യ സ്നേഹത്തെ ഊതി കത്തിക്കുകയാണ് ബോച്ചെ ചെയ്തത്.
കോഴിക്കോടൻ നഗര വീഥികളിലൂടെ കാറിൽ കുതിച്ചു പായുന്ന ഓവർകോട്ടിട്ട മുടി നീട്ടി വളർത്തിയ യുവ സ്വർണ വ്യാപാരിയായ ഫ്രീക്കൻ പയ്യനിൽ നിന്നു ഗിന്നസ് റെക്കോർഡ് ഹോൾഡർ ഡോ.ബോബി ചെമ്മണ്ണൂരിലേക്കും അവിടെ നിന്നു ഇന്നത്തെ ബോച്ചെ യിലേക്കുമുള്ള മാറ്റം കൗതുകത്തോടെ ഞാൻ നോക്കി കണ്ടിട്ടുണ്ട്. തനിക്കു യുക്തമെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യുന്ന പച്ച മനുഷ്യനാണ് ബോച്ചെ. അടുത്ത നിമിഷം ഈ ബോച്ചെ എന്താണ് ചെയ്യുക എന്നു പടച്ച തമ്പുരാനു പോലും അറിയാൻ കഴിയില്ല. സോഷ്യൽ മീഡിയയിലെ ചില പ്രകടനങ്ങൾ പന്തിയല്ലെന്നു തോന്നുമ്പോൾ ബൊചെയെ ഫോണിൽ വിളിച്ചു അതു ശരിയായില്ലെന്നു ഒന്നിലധികം തവണ പറഞ്ഞിട്ടുണ്ട്. അത്തരം വിമർശനങ്ങൾ ക്ഷമയോടെ കേട്ടിരുന്നു ശ്രദ്ധിക്കാം എന്നു മറുപടി നൽകുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
കേരളത്തിലെ ബിസിനസ് സമൂഹത്തിൽ ഇത്രയും ആരാധകരുള്ള മറ്റൊരു ബിസിനസുകാരൻ ഉണ്ടാകില്ല. ഒരു വിഷയം തന്മയത്വത്തോടെ ചാനൽ കാമറകൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ബോച്ചേക്കു അറിയാം. അതു അദ്ദേഹം സ്വയം ആർജ്ജിച്ചെടുത്തതാണ്. ഒരു ചോദ്യത്തിനും ബോച്ചെ മറുപടി പറയാതിരുന്നിട്ടില്ല. ഈ മനുഷ്യൻ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.