എസ്ഡിപിഐയുടെ പിന്തുണ കാര്യത്തില്‍ യുഡിഎഫ് നിലപാട് പറയാന്‍ വൈകിയതില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയിലും അതൃപ്തി.
എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ആദ്യ ഘട്ടത്തില്‍ സ്വീകരിച്ച മൗനമാണ് സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുടെ അമര്‍ഷത്തിനു കാരണം. അതേസമയം തെരഞ്ഞെടുപ്പില്‍ ബി ജെ പി വിരുദ്ധകക്ഷികള്‍ ഒരുമിക്കുന്നതില്‍ തെറ്റില്ല എന്നതാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
എസ്ഡിപിഐ ഏകപക്ഷീയമായി നല്‍കാന്‍ തീരുമാനിച്ച പിന്തുണ യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. സമാനമായി മുസ്‌ലിം സമുദായ സംഘടനകളെയും ഞെട്ടിക്കുന്നതായിരുന്നു എസ്ഡിപിഐയുടെ പ്രഖ്യാപനം. പൊതുവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന യു ഡി എഫിന് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്നതായിരിക്കും എസ്ഡിപിഐ പിന്തുണയെന്നാണ് മുസ്‌ലിം സംഘടനകളുടെ വിലയിരുത്തല്‍.
വര്‍ഗീയ കക്ഷിയായി കണ്ടുതന്നെ എസ്ഡിപിഐഐയെ എല്ലാകാലത്തും മുസ്‌ലിം സംഘടനകള്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്. സമുദായതാല്‍പ്പര്യത്തിനുവേണ്ടിയല്ല എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്. എസ്ഡിപിഐയുടെ പിന്തുണയില്‍ യു ഡി എഫ് മത്സരിച്ചാല്‍ വിശ്വാസികള്‍ക്കിടയില്‍ അത് ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും മുസ്‌ലിം സംഘടനകള്‍ മനസ്സിലാക്കുന്നു. ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം നിലപാട് പറയാന്‍ വൈകിയെന്നാണ് മുസ്‌ലിം സംഘടനകളുടെ വിമര്‍ശനം.