ജവാനെതിരേ സ്വകാര്യ മദ്യക്കമ്ബനികളുടെ കളി; കുപ്പിയില്‍ കണ്ട തരി മദ്യത്തിന് നിറം നല്‍കാൻ ചേര്‍ക്കുന്ന കാരമല്‍ ! ജവാനില്‍ മാലിന്യമില്ലെന്നും സുരക്ഷിതമെന്നും ലാബ് റിപ്പോര്‍ട്ട്.

സർക്കാരിന്റെ ജനപ്രിയ മദ്യ ബ്രാൻഡായ ജവാനെ അട്ടിമറിക്കാൻ സ്വകാര്യ ഡിസ്റ്റിലറികളുടെ ശ്രമമെന്ന് സർക്കാർ.

എറണാകുളം , പാലക്കാട് ജില്ലകളിലെ ബെവ്കോ ചില്ലറവില്പനശാലകളില്‍ എത്തിയ ജവാൻ റമ്മില്‍ മാലിന്യം കണ്ടെന്നായിരുന്നു പ്രചാരണം. കുപ്പിയുടെ അടിവശത്ത് കാണപ്പെട്ട തരിപോലുള്ള വസ്തുക്കള്‍ മാലിന്യമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ കുപ്പിയില്‍ കാണപ്പെട്ടത് മലിനവസ്തു അല്ലെന്ന് കാക്കനാട്ടെ റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയിലെ പരിശോധനയില്‍ തെളിഞ്ഞു.

ബ്ളെൻഡിംഗ് വേളയില്‍ മദ്യത്തിന് നിറം നല്‍കാൻ ചേർക്കുന്ന കാരമല്‍ എന്ന വസ്തു ലയിക്കാതെ കിടന്നതാണെന്നും ജവാൻ നിർമിക്കുന്ന സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് അധികൃതർ അറിയിച്ചു. ഈ മദ്യം ഉപയോഗിക്കുന്നത് ഒരുവിധ ആരോഗ്യപ്രശ്നത്തിനും കാരണമാവില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ ജവാൻ ഉപയോഗിക്കുന്നവർക്കിടയില്‍ ദിവസങ്ങളായുണ്ടായിരുന്ന ആശങ്ക ഒഴിയുകയാണ്.

ഒരേ ബാച്ചില്‍പ്പെട്ട ഒരു ലിറ്ററിന്റെയും 750 മില്ലിയുടെയും ബോട്ടിലുകളാണ് രണ്ട് ജില്ലകളിലെയും വെയർഹൗസുകളിലെത്തിയിരുന്നത്. ഇ.എൻ.എയും (എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) വെള്ളവും കാരമലും ഫ്ളേവറും ചേർത്ത് ബ്ളെൻഡ് ചെയ്താണ് മദ്യം ഉണ്ടാക്കുന്നത്. ബ്ളെൻഡിംഗ് കഴിഞ്ഞാല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ സാമ്ബിള്‍ പരിശോധന നടത്തിയ ശേഷമാണ് കുപ്പികളില്‍ നിറയ്ക്കല്‍ നടത്താറുള്ളത്. മദ്യനിർമാണത്തിന് എത്തിക്കുന്ന ഇ.എൻ.എയുടെ സാമ്ബിളും പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് സാമ്ബിള്‍ പരിശോധന.

ചില്ലറവില്പനശാലകളിലോ വെയർഹൗസുകളിലോ മദ്യകുപ്പികളില്‍ അസാധാരണമായി എന്തെങ്കിലും വസ്തുക്കള്‍ കാണപ്പെട്ടാല്‍ അപ്പോള്‍ തന്നെ ആ ബാച്ചിന്റെ വിതരണം മരവിപ്പിക്കും. ലാബ് പരിശോധനയ്ക്ക് ശേഷം ഉപയോഗ്യമെന്ന് കണ്ടെത്തിയാലേ വീണ്ടും വില്പന നടത്തൂ. ജവാൻ റമ്മിനെതിരെ അടുത്തകാലത്തായി നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സ്വകാര്യ ഡിസ്റ്റിലറികളുടെ ഇടപെടലുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കാരണം മറ്റുപല ബ്രാൻഡ് മദ്യക്കുപ്പികളിലും ചില സമയങ്ങളില്‍ ഇത്തരം അവശിഷ്ടങ്ങള്‍കാണപ്പെടാറുണ്ടെന്നും ട്രാവൻകൂർ ഷുഗേഴസ് അധികൃതർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന മദ്യമെന്ന നിലയ്ക്കും സർക്കാർ ഉത്പന്നമെന്ന നിലയ്ക്കും ജവാന് വലിയ ഡിമാന്റുണ്ട്. ലിറ്ററിന് 640 രൂപയും ഫുള്ളിന് 490മാണ് വില. പ്രതിദിനം 8000 കെയ്സില്‍ നിന്ന് ഉത്പാദനം 12500 കെയ്സാക്കി ഉയർത്തിയത് അടുത്തിടെയാണ്. ജവാൻ റമ്മിന് വീര്യം കുറവെന്ന പ്രചാരണവും കുറെ നാള്‍ മുമ്ബ് വ്യാപകമായി ഉയർന്നിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങളെല്ലാം തള്ളുകയാണ് ബെവ്കോ. സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്ന ജവാന്റെ ഉത്പാദനം കൂട്ടാനുള്ള നീക്കത്തിലാണ് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *