രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തില്‍. നഗരത്തില്‍ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന പൊലീസിനും കേന്ദ്രസേനകള്‍ക്കും പുറമേ എന്‍എസ്ജി സ്നിപ്പര്‍ ടീമുകളും സുരക്ഷയൊരുക്കാന്‍ അയോധ്യയിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരാണു പ്രാണപ്രതിഷ്ഠാ സമയത്തു ശ്രീകോവിലില്‍ ഉണ്ടാവുക.ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിന്റെ ‘മുഖ്യ യജമാനന്‍’ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി 10.30ന് അയോധ്യയിലെത്തും. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികള്‍ക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാന്‍ അവസരം. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ, മത, രാഷ്ട്രീയ, ചലച്ചിത്ര, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങിനെത്തും. അയോധ്യയിലെ യെലോ സോണില്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുള്ള എഐ അധിഷ്ഠിത ക്യാമറകളും വിന്യസിച്ചു. ബോംബ്- ഡോഗ് സ്‌ക്വാഡുകള്‍, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.