എക്‌സാലോജിക്കിനെ മരവിപ്പിക്കാന്‍ രേഖകളില്‍ കൃത്രിമം കാട്ടി

എക്‌സാലോജിക് കമ്ബനി മരവിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ കൃത്രിമ രേഖകള്‍ സമര്‍പ്പിച്ചതായി ആക്ഷേപം.

ഇതേ തുടര്‍ന്ന് കടുത്ത നടപടിക്ക് ആര്‍ഒസി. മരവിപ്പിക്കലിന് അപക്ഷിക്കാനുള്ള യോഗ്യത വീണാ വിജയന്റെ എക്‌സാലോജിക്കിന് ഉണ്ടായിരുന്നില്ലെന്നും രേഖകളില്‍ കൃത്രിമം നടത്തിയതായിട്ടുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രണ്ട് വര്‍ഷത്തിനിടയില്‍ ഒരു ഇടപാടും നടത്തിയിട്ടില്ലാത്ത കമ്ബനികള്‍ക്ക് മാത്രമാണ് മരവിപ്പിക്കല്‍ അപേക്ഷ നല്‍കാന്‍ സാധിക്കുക. കമ്ബനി മരവിപ്പിക്കല്‍ നടപടിക്കായി ആര്‍ഒസിക്ക് സമര്‍പ്പിച്ച രേഖകളില്‍ വീണ വിജയന്‍ കൃത്രിമം കാണിച്ചെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. തീര്‍പ്പു കല്‍പ്പിക്കാത്ത നിയമ നടപടികളോ നികുതി അടക്കാന്‍ ഉണ്ടെങ്കിലോ മരവിപ്പിക്കലിന് അപേക്ഷിക്കാനാവില്ല. എന്നാല്‍ നിയമ നടപടികളോ നികുതി ബാദ്ധ്യതകളോ ഇല്ലെന്നാണ് എക്‌സാലോജിക്ക് നല്‍കിയ രേഖ. എന്നാല്‍ 2021ല്‍ കമ്ബനീസ് ആക്‌ട് പ്രകാരം ഡയറക്ടര്‍ക്ക് അടക്കം നോട്ടീസ് കിട്ടിയത് എക്‌സാലോജിക്ക് മറച്ചുവച്ചെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2022 ലാണ് കമ്ബനി അപേക്ഷ നല്‍കിയത്. എന്നാല്‍ ആര്‍ഒസി പരിശോധനയില്‍ 2021ല്‍ മെയ് മാസത്തില്‍ എക്‌സാലോജിക്ക് ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് കണ്ടെത്തി. ഇതിന് പുറമേ ആദായ നികുതി ഇനത്തില്‍ 42,38,038 രൂപയും അതിന്റെ പലിശയും എക്‌സാലോജിക്ക് അടക്കാന്‍ ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം മറച്ച്‌ വച്ചാണ് തെറ്റായ സാക്ഷ്യപത്രങ്ങള്‍ നല്‍കിയത്്. 2022 നവംബറില്‍ കമ്ബനി മരവിപ്പിച്ചതിന് ശേഷം സമര്‍പ്പിക്കേണ്ട എംഎസ് സി-3 രേഖയും ഹാജരാക്കിയില്ല. രേഖകള്‍ കെട്ടിച്ചമതിനും വിവരങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതിനും, എ‌സാലോജിക്കിനും വീണയ്ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീണ നടത്തിയ ക്രമക്കേടുകള്‍ പിഴശിക്ഷയില്‍ ഒതുക്കാവുന്നതല്ലെന്നും പോസിക്യൂട്ട് നപടികള്‍ വേണമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. കമ്ബനി മരവിപ്പിക്കല്‍ നടപടി നിര്‍ത്തി വെയ്ക്കണമെന്നും വീണ നടത്തിയ ക്രമക്കേടുകളില്‍ പ്രോസിക്യൂട്ട് നടപടികള്‍ വേണമെന്നും കമ്ബനിയുടെ രേഖകള്‍ സാക്ഷ്യപ്പെടുത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *