പിയ ദണ്ഡിയ യുഎസ് കോണ്‍ഗ്രസിലേക്ക്; സഭയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജ

വാഷിങ്ടണ്‍: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഫ്ലോറിഡയിലെ 22-ാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ വിജയിച്ച്‌ ഇന്ത്യൻ വംശജയായ പിയ ദണ്ഡിയ.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയും വ്യവസായിയുമായ കേസി അസ്കറിനെ പരാജയപ്പെടുത്തിയതോടെയാണ് 39കാരിയായ ഡെമോക്രാറ്റ് യുഎസ് ജനപ്രതിനിധി സഭയിലെത്തുന്നത്. 51.9 ശതമാനം വോട്ടുകളാണ് പിയ നേടിയത്. ഇതോടെ പ്രമീള ജയ്പാലിന് ശേഷം യുഎസ് കോണ്‍ഗ്രസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജ വനിതയായി അവർ മാറി. (Pia Dandiya US Congress victory)

ഫ്ലോറിഡയിലെ പാം ബീച്ച്‌ കൗണ്ടിയില്‍ ജനിച്ചുവളർന്ന പിയയുടെ കുടുംബവേരുകള്‍ രാജസ്ഥാനിലെ ജയ്പൂരിലാണ്. 1980കളില്‍ ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് മാതാപിതാക്കളായ ഡോ. രോഹിത് ദണ്ഡിയയും അമ്മയും. പിതാവ് അമേരിക്കയിലെത്തിയ ശേഷവും മെഡിക്കല്‍ പ്രാക്ടീസ് തുടർന്നു. അമ്മ 40-ാം വയസില്‍ ജൂപ്പിറ്ററില്‍ മോണ്ടിസോറി സ്കൂള്‍ ആരംഭിച്ചു. ഇന്ത്യൻ പൈതൃകവുമായി അടുത്ത ബന്ധം പുലർത്തിയാണ് പിയ വളർന്നത്. കുട്ടിക്കാലത്ത് ബന്ധുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാൻ മാതാപിതാക്കള്‍ അവരെ ഇന്ത്യയിലേക്ക് അയച്ചിരുന്നു.
ഹാർവാർഡ് സർവകലാശാലയില്‍ ഗവണ്‍മെന്റ് വിഷയത്തില്‍ പഠനം നടത്തിയ പിയ, ബിരുദപഠനത്തിന്റെ ആദ്യ വർഷത്തിനു ശേഷം ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍ ഏഴ് മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിച്ചു. ആശാ കോഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേർന്നായിരുന്നു പ്രവർത്തനം. പിന്നീട് ബോസ്റ്റണ്‍ സർവകലാശാലയില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ടീച്ച്‌ ഫോർ അമേരിക്കയുടെ ഭാഗമായി ബോസ്റ്റണില്‍ അധ്യാപികയായി പ്രവർത്തിച്ച അവർ, 28-ാം വയസില്‍ ന്യൂയോർക്കിലെ ഹാർലെമിലുള്ള ഡെമോക്രസി പ്രെപ് എൻഡ്യൂറൻസ് ഹൈസ്കൂളിന്റെ സ്ഥാപക പ്രിൻസിപ്പലായി.

2020ല്‍ വൈറ്റ് ഹൗസ് ഫെലോ ആയി പ്രവർത്തിച്ച പിയ, വൈറ്റ് ഹൗസ് ആഭ്യന്തര നയ കൗണ്‍സിലിലും യുഎസ് വിദ്യാഭ്യാസ വകുപ്പിലും സേവനമനുഷ്ഠിച്ചു. പിന്നീട് ആപ്പിളില്‍ പൊതുമേഖലാ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ സംസ്ഥാനത്തെ പി-20 കൗണ്‍സിലിലേക്കും അവരെ നിയമിച്ചിരുന്നു.
ജീവിതച്ചെലവ്, അഴിമതി, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, തോക്ക് സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഉയർത്തിയായിരുന്നു പിയയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. പ്രചാരണത്തിനായി പിയ ഏകദേശം 46 ലക്ഷം ഡോളർ സമാഹരിച്ചപ്പോള്‍ എതിരാളിയായ അസ്കർ 74 ലക്ഷം ഡോളറോളം സമാഹരിച്ചു. ഇതില്‍ ഭൂരിഭാഗവും സ്വന്തം പ്രചാരണത്തിനായി അസ്കർ നല്‍കിയ തുകയായിരുന്നു. ഇന്ത്യൻ അമേരിക്കൻ ഇംപാക്‌ട് ഫണ്ട്, സെർവ് അമേരിക്ക പിഎസി എന്നിവയ്ക്കൊപ്പം വെല്ലിങ്ടണിലെ റിപ്പബ്ലിക്കൻ മേയർ മൈക്കല്‍ നപ്പോളിയോണിന്റെ പിന്തുണയും പിയയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ ഭർത്താവ് നവനീത് അലാഗിനും മകൻ സാഹിബിനുമൊപ്പം പാം ബീച്ച്‌ ഗാർഡൻസിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *