സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടർന്ന് രണ്ടര വയസുകാരി മരിച്ചതായി പരാതി. പൂവച്ചല്‍ പുനലാല്‍ ചക്കിപാറ സ്വദേശി സിദ്ധിഖ്, ഫാസിലത്ത് ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്.
ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയത്. രാവിലെ വീണ്ടും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. ആശുപത്രിയില്‍ എത്തിച്ച് ആവിപിടിച്ച ശേഷം രണ്ടു കുത്തിവയ്പ്പെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടത്തും. റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. കുട്ടിയുടെ ബന്ധുക്കളുടെ മൊഴി കണക്കിലെടുത്ത് പോലീസ് കേസെടുത്തു.
