മാസപ്പടി കേസ്: പിണറായിയുടെയും റിയാസിന്‍റെയും മൊഴി രേഖപ്പെടുത്തുക നിയമസഭാ സമ്മേളനത്തിനുശേഷം

മാസപ്പടി വിവാദത്തിലും ഹവാല ഇടപാടിലും പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ മൊഴി നിയമസഭാ സമ്മേളനത്തിന് ശേഷം മാത്രം രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്തിമ തീരുമാനം.

കേസില്‍ വിശദമായ അന്വേഷണം നിയമസഭാ സമ്മേളനത്തിനുശേഷമേ ആരംഭിക്കൂ.

ആദ്യം സിഎംആർഎല്‍ ജീവനക്കാരെയും റിയാസിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്ത് മൊഴിയെടുക്കാനാണ് വിജിലൻസിന്റെ തീരുമാനം. ഇതിനുശേഷമായിരിക്കും പിണറായി വിജയൻ, മകള്‍ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവരില്‍ നിന്നും മൊഴി രേഖപ്പെടുത്തുക.

സിഎംആർഎല്‍ ഉടമ ശശിധരൻ കർത്ത, ഫിനാൻസ് മാനേജർ സുരേഷ് കുമാർ, റിയാസിന്റെ സുഹൃത്തുക്കള്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷണത്തിനായി തിരുവനന്തപുരം, കോഴിക്കോട് സ്പെഷ്യല്‍ യൂണിറ്റുകളിലെ എസ്പിമാരായ സുരേഷിനെയും ബാലകൃഷ്ണനെയും ഉള്‍പ്പെടുത്തി രണ്ട് പ്രത്യേക അന്വേഷണസംഘങ്ങളെ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്ത് സിഎംആർഎല്‍ കമ്പനിയുമായി ചേർന്ന് ഗൂഢാലോചന നടത്തി, വീണ വഴി 3.26 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് പിണറായി വിജയനെതിരെയുള്ള വിജിലൻസ് എഫ്‌ഐആറിലെ ആരോപണം. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിർദേശാനുസരണമാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുൻ മന്ത്രി മുഹമ്മദ് റിയാസ് ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് പണം കടത്തിയെന്ന കണ്ടെത്തലില്‍ അദ്ദേഹമാണ് ഒന്നാം പ്രതി. മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. ഹവാല കേസില്‍ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാകുന്ന രീതിയില്‍ രണ്ട് കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ രണ്ട് കേസുകളിലുമായി ആകെ 12 പേർ പ്രതിപ്പട്ടികയിലുണ്ട്.

വിജിലൻസ് കേസിന്റെ ചുവടുപിടിച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പിണറായി വിജയനെതിരെ ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇതിനോടകം പിണറായി വിജയന് സമൻസ് നല്‍കിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *