വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധം മാത്രം! ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് തീറെഴുതിക്കൊടുക്കുകയാണ്; കെ.സി. വേണുഗോപാല്‍

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബി.ജെ.പി. കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.

വേണുഗോപാല്‍. എ.ഐ.സി.സി. ആസ്ഥാനത്തുണ്ടായ വന്ദേമാതര വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങള്‍ക്ക് വന്ദേമാതരവും സ്വാതന്ത്ര്യസമരവും രാഷ്ട്രീയമല്ല, മറിച്ച്‌ വൈകാരികമായ വിഷയമാണ്. വന്ദേമാതരത്തെ എന്നും പൂർണ്ണമായി ബഹുമാനിക്കുന്നവരാണ് കോണ്‍ഗ്രസുകാർ. എ.ഐ.സി.സി. ആസ്ഥാനത്തുണ്ടായത് ചില ആശയവിനിമയത്തിന്റെ പ്രശ്നങ്ങള്‍ മാത്രമാണ്. വന്ദേമാതരത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ട്, അത് വഴിയെ എല്ലാവർക്കും ബോധ്യമാകും,” കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിനെയും ബി.ജെ.പി.യെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. വന്ദേമാതരം ബില്‍ ബി.ജെ.പിയുടെ വിഭാഗീയ അജണ്ടയുടെ ഭാഗമാണെന്നും, രാജ്യത്തിന്റെ അതിർത്തി സുരക്ഷയില്‍ കേന്ദ്രം പൂർണ്ണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് തീറെഴുതിക്കൊടുക്കുകയാണെന്നും, അരുണാചല്‍ പ്രദേശില്‍ ചൈന പിടിച്ചെടുത്ത ഭൂമി ആദ്യം തിരിച്ചെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കാതലായ വിഷയങ്ങളാണ് ആദ്യം പാർലമെന്റിലും പൊതുസമൂഹത്തിലും ചർച്ച ചെയ്യപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.പി.സി.സി. പുനഃസംഘടനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്, “നിങ്ങള്‍ക്ക് എപ്പോഴാണ് പുനഃസംഘടന വേണ്ടത്?” എന്ന് അദ്ദേഹം തമാശരൂപേണ തിരിച്ചുചോദിച്ചു. പാർട്ടിയില്‍ മാറാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് സന്നദ്ധത പ്രകടിപ്പിച്ചത് സത്യമാണ്. അനുയോജ്യമായ സമയം ആകുമ്പോള്‍ പുനഃസംഘടന നടപടികള്‍ പൂർത്തിയാകും. കൂടാതെ, വിവിധ ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും പുനഃസംഘടന പാർട്ടി വളരെ ഗൗരവമായിത്തന്നെ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പി.സി. ജോർജിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഇത് പണ്ടേ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയ കാര്യമാണെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചു. പണം മാത്രം കൊണ്ട് തിരഞ്ഞെടുപ്പുകള്‍ ജയിക്കാൻ കഴിയില്ലെന്ന് ജനങ്ങള്‍ തെളിയിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *