‘അടിച്ചമര്‍ത്തലല്ല, വേണ്ടത് പരിഷ്‌കരണം’: മോദിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ ആഞ്ഞടിച്ച്‌ സോണിയാ ഗാന്ധി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. വിദ്യാഭ്യാസ പരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്ത വിദ്യാർത്ഥികള്‍ക്ക് നേരെ കേന്ദ്ര സർക്കാർ ഭീരുത്വവും ക്രൂരതയുമാണ് കാണിക്കുന്നതെന്ന് സോണിയാ ഗാന്ധി ആരോപിച്ചു.

ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അവർ കേന്ദ്ര സർക്കാരിനെയും ആഭ്യന്തര മന്ത്രാലയത്തെയും രൂക്ഷമായി വിമർശിച്ചത്.

ജൂലായ് 20 ‘നാണക്കേടിന്റെ ദിനമായി’ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. സമാധാനത്തോടെ സമരം ചെയ്ത വിദ്യാർത്ഥികള്‍ക്ക് നേരെ ഡല്‍ഹി പൊലീസും കേന്ദ്ര സായുധ പൊലീസും ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെപ്പോലും പൊലീസ് മർദ്ദിച്ചതായും സോണിയാ ഗാന്ധി എഴുതിയ ലേഖനത്തില്‍ പറയന്നു.

പെല്ലറ്റ് പ്രയോഗത്തില്‍ തകർന്ന യുവാവിന്റെ ചിത്രങ്ങള്‍ മനുഷ്യ മനസാക്ഷിയെ ആകെ ഉലയ്ക്കുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുമതിയോടെ മാത്രമായിരിക്കും വിദ്യാർത്ഥികള്‍ക്ക് നേരെ ഇത്തരം അതിക്രമങ്ങള്‍ നടന്നിട്ടുണ്ടാകുകയെന്നും സോണിയാ ഗാന്ധി കുറിച്ചു.

പരീക്ഷാ ക്രമക്കേടുകള്‍ക്കും പേപ്പർ ചോർച്ചയ്ക്കുമെതിരെ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികള്‍ തെരുവിലിറങ്ങുമ്പോള്‍, ചർച്ചകള്‍ക്ക് പകരം അടിച്ചമർത്തലിന്റെ പാതയാണ് സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. 2020ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലും ഗുസ്തി താരങ്ങളുടെ സമരത്തിലും പൊലീസ് മുന്നോട്ടുവച്ച അതേ ക്രൂരത തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതല്‍ ശക്തമായ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കുറ്റക്കാർക്ക് കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതികള്‍ വഴി വേഗത്തിലുള്ള വിചാരണയും ഉറപ്പാക്കുന്ന ബില്‍ വരും ദിവസങ്ങളില്‍ പാർലമെന്റില്‍ അവതരിപ്പിക്കുമെന്നും ഇന്നലെ രാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *