ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതില്‍ 24 വര്‍ഷം വൈകി; കെഎസ്‌ഇബി 4.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഓംബുഡ്‌സ്‌മാൻ

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതില്‍ 24 വർഷത്തിലേറെ കാലതാമസം വരുത്തിയ കെഎസ്‌ഇബിക്ക് പിഴ ചുമത്തി ഇലക്‌ട്രിസിറ്റി ഓംബുഡ്‌സ്‌മാൻ.

എറണാകുളം തമ്മനം സ്വദേശിനി റീത്ത പി. അന്തോണിക്ക് 4.49 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഓംബുഡ്‌സ്‌മാൻ ഉത്തരവിട്ടു. ഇതിന് പുറമെ പരാതിക്കാരിയില്‍ നിന്ന് ഈടാക്കിയ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ പലിശ സഹിതം തിരിച്ചുനല്‍കാനും വിധിയിലുണ്ട്.

1998 മാർച്ച്‌ 13-നാണ് റീത്ത താൻ വാങ്ങിയ വീടിന്റെ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കുന്നതിനും സിംഗിള്‍ ഫേസ് കണക്ഷൻ ത്രീഫേസാക്കുന്നതിനുമായി പാലാരിവട്ടം സെക്ഷൻ ഓഫീസില്‍ അപേക്ഷയും 9,200 രൂപ ഫീസും നല്‍കിയത്. തുടർന്ന് ത്രീ ഫേസ് കണക്ഷൻ ലഭിച്ചെങ്കിലും ഉടമസ്ഥാവകാശം മാറ്റിനല്‍കാൻ അധികൃതർ തയ്യാറായില്ല. പിന്നീടുള്ള വർഷങ്ങളില്‍ റീത്ത ഓഫീസുമായി പലതവണ ബന്ധപ്പെട്ടെങ്കിലും നടപടി നീണ്ടുപോയി. വിവരങ്ങള്‍ തേടി വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോള്‍, ഓഫീസില്‍ അപേക്ഷ ലഭിച്ചിട്ടില്ലെന്നായിരുന്നു കെഎസ്‌ഇബിയുടെ വിശദീകരണം. ഒടുവില്‍, ആദ്യ അപേക്ഷ നല്‍കി 24 വർഷവും ഏഴ് മാസവും പിന്നിട്ട ശേഷം 2022 നവംബർ 3-നാണ് കണക്ഷന്റെ ഉടമസ്ഥാവകാശം റീത്തയുടെ പേരിലേക്ക് മാറ്റിനല്‍കിയത്. ഇതിനിടെ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കിയ 3,000 രൂപയില്‍ നിന്ന് 50 രൂപ കുറച്ചാണ് മടക്കിനല്‍കിയതും.

ഇതോടെയാണ് റീത്ത ഇലക്‌ട്രിസിറ്റി ഓംബുഡ്സ്മാനെ സമീപിച്ചത്. കെ.എസ്.ഇ.ബിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ ഓംബുഡ്സ്മാൻ ഉടമസ്ഥാവകാശം മാറ്റുന്നതില്‍ വരുത്തിയ കാലതാമസത്തിന് പ്രതിദിനം 50 രൂപ വീതം കണക്കാക്കി 4,49,350 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിടുകയായിരുന്നു. സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ക്ക് 24 വർഷത്തേക്ക് 18 ശതമാനം പിഴപ്പലിശ നല്‍കാനും മുൻഗണനാ സേവനത്തിന്റെ പേരില്‍ വാങ്ങിയ 4,700 രൂപ ബാങ്ക് പലിശ സഹിതം തിരികെ നല്‍കാനും കോടതി നിർദ്ദേശിച്ചു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാനും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവർത്തിക്കാതിരിക്കാൻ നടപടികള്‍ ഉറപ്പാക്കാനും ഓംബുഡ്സ്മാൻ കെഎസ്‌ഇബിക്ക് നിർദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *