മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരെ നടന്ന ആക്രമണത്തെ രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു.
നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികള്‍ രാഷ്ട്രീയ പ്രതിഷേധമല്ലെന്നും, മറിച്ച് നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള സിപിഎമ്മിന്റെ വിമുഖതയാണ് ഇത്തരം അക്രമങ്ങളിലൂടെ പുറത്തുവരുന്നതെന്നും, നിയമത്തിന് മുന്നില്‍ ആരും അതീതരല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, സിപിഎമ്മിനെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഇരുവരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പരിഹസിച്ച അദ്ദേഹം, ഈ വിഷയത്തില്‍ സർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും പറഞ്ഞു. അക്രമങ്ങളിലൂടെയോ ഭീഷണികളിലൂടെയോ നീതിനിർവ്വഹണത്തെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും, ഇക്കാര്യത്തില്‍ ബിജെപി/എൻഡിഎ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
