സത്യപ്രതിജ്ഞാച്ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനം; വേദിയില്‍ അനുവാദമില്ലാതെ കയറിയവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് ഡിജിപി

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് നിഗമനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഡിജിപി റിപ്പോര്‍ട്ട് തേടി.

വേദിയില്‍ അനുവാദമില്ലാതെ കയറിയവരുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരടക്കം നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാണ് വിലയിരുത്തല്‍. പ്രോട്ടോക്കോള്‍ ലംഘിച്ചവരില്‍ അണ്ടര്‍ സെക്രട്ടറിമാരും ഡെപ്യൂട്ടി സെക്രട്ടറിമാരും ഉള്‍പ്പെടുന്നു. വിവിഐപികള്‍ക്ക് നിര്‍ദിഷ്ട വഴി ഉപയോഗിക്കാനാവാതെ പോയത് വീഴ്ചയെന്നുമാണ് വിലയിരുത്തല്‍.

വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂവെന്നായിരുന്നു ലോക്ഭവന്റെ നിര്‍ദ്ദേശം. മറ്റുള്ളവര്‍ വേദിയില്‍ പാടില്ലെന്നും ഈ നിര്‍ദേശപ്രകാരമുള്ള ക്രമീകരണം സ്റ്റേജില്‍ നടത്തണമെന്നും ലോക്ഭവന്‍ അറിയിച്ചിരുന്നു. എന്നാല്‍, രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കളെ വേദിയിലിരുത്തണമെന്ന് വി ഡി സതീശന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. തന്റെ അഭിപ്രായം പ്രോട്ടോക്കോള്‍ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും സുരക്ഷാപ്രശ്‌നമുണ്ടാക്കുമെന്ന് പൊലീസ് റിപ്പോര്‍ട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
ഇത് ലംഘിച്ചാണ് വേദി സജ്ജമാക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ വേദിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ ലോക്ഭവന്‍ സെക്രട്ടറി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി വേദിയില്‍ കൂടുതല്‍ കസേരകളുണ്ടെന്ന് ഗവര്‍ണറെ അറിയിച്ചു. ഇതോടെ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. വേദിയില്‍ പറഞ്ഞതിലും കൂടുതല്‍ കസേരയിടുകയും നൂറിലധികം പേര്‍ തള്ളിക്കയറുകയുമാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *