നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ സി.പി.എം കമ്മിറ്റികളില്‍ നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ സ്വാഭാവികമായ രാഷ്ട്രീയ പ്രക്രിയയായി കണ്ട് എം.
സ്വരാജ്. പാർട്ടി യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ വിമർശനങ്ങള്‍ ഉയരുമെന്നും അത്തരം ആഭ്യന്തര ജനാധിപത്യ വിമർശനങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമായിട്ടാണ് യോഗങ്ങള്‍ ചേരുന്നതുതന്നെ എന്നും സ്വരാജ് വ്യക്തമാക്കി.(M Swaraj Post Election CPM Review And Criticisms Against Riyas)
പാർട്ടി കമ്മിറ്റികളില്‍ എന്തോ അരുതാത്തത് സംഭവിച്ചു എന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ചർച്ചകളെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാർത്തകള്‍ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. അതിന്റെ പൊട്ടും പൊടിയുമാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമർശനങ്ങള്‍ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുക്കരുത്. തിരഞ്ഞെടുപ്പിലെ വിജയപരാജയങ്ങള്‍ ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങരുത്. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോല്‍വിക്ക് കാരണമെന്ന് വരുത്തിത്തീർക്കുന്നത് ശരിയല്ല എന്നും സ്വരാജ് കൂട്ടിച്ചേർത്തു. ഒരു പുതിയ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ ഇഷ്ടം നേടാൻ ഉതകുന്ന തീരുമാനങ്ങള്‍ എടുക്കുക സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ തന്നെ ശാപവാക്കുകള്‍ പറയാൻ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
