നാട്ടുകാർക്ക് മുൻപില് വ്യക്തമായി കാര്യങ്ങള്‍ പറയാതെ കടിച്ചാല്‍ പൊട്ടാത്ത പ്രത്യയശാസ്ത്രം മാധ്യമങ്ങള്‍ക്ക് മുൻപില് വിളമ്പുന്ന കോമഡി കഥാപാത്രമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമർശനം.
സംസ്ഥാന സെക്രട്ടറി പാർട്ടി തീരുമാനങ്ങള്‍ മാധ്യമ ങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കുന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. എം.വി ഗോവിന്ദൻ്റെ ഓരോ വാർത്താ സമ്മേളനങ്ങളും പാർട്ടിക്ക് വോട്ടു കുറച്ചു. ട്രോളായും ആക്ഷേപഹാസ്യ പരിപാടികളായും പിന്നീടത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. പാർട്ടി പ്രവർത്തകർ സൈബർ ഇടങ്ങളില്‍ അപമാനിതരായി.
പലകാര്യങ്ങളും ആളുകള്‍ക്ക് മനസ്സിലാക്കാനാകുന്ന തരത്തിലല്ല അവതരി പ്പിക്കുന്നത്. ചിലതെല്ലാം പരി ഹാസ്യമായി പോകുന്നു. ഈ ശൈലി തീരുത്തിയാലേ മുന്നോ ട്ടു പോകാനാകൂ. നേതാക്കളുടെ ഇത്തരം പ്രവർത്തന ശൈലിയും തിരിച്ചടിക്കു കാരണമായതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
തളിപ്പറമ്പില്‍ പി.കെ.ശ്യാമള യുടെ സ്ഥാനാർഥിത്വത്തില്‍ പാർട്ടിക്കുള്ളില്‍ നിന്നും ഉയർന്ന എതിർപ്പ് അവഗണിച്ചത് വലിയ തിരിച്ചടിയായി. സ്ഥാനാർഥിയെ അടിച്ചേല്‍പിക്കുന്നതായാണ് അംഗങ്ങള്‍ക്കും അനു ഭാവികള്‍ക്കും തോന്നിയത്. ഇത് പാർട്ടി കേന്ദ്രങ്ങളിലടക്കം എതിർവികാരം ഉയരാൻ കാരണമായി. അതു മുൻകൂട്ടി കാണാനുമായില്ല.
തോല്‍വിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്ന പാർട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബിയുടെ വിലയിരുത്തലിനെതിരെയും ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ നിന്നും പരോക്ഷ വിമർശനമുയർന്നു. നേതാക്കളുടെ പ്രവർത്തനശൈലിയും തോല്‍വിയുടെ കാരണങ്ങളില്‍ ഒന്നാണെന്ന് അംഗങ്ങള്‍ ഓർമ പ്പെടുത്തി.
പാർട്ടിയുടെ അടിത്തറ ഭദ്രമാണെന്ന് വോട്ട് കണക്ക് നിരത്തി അവകാശപ്പെട്ടത്
ശാസ്ത്രീയമായിരുന്നില്ലെന്നും വിമർശനമുയർന്നു. തിരിച്ചും മറിച്ചും വോട്ട് കണക്കുകൂട്ടി പരാജയമു ണ്ടായില്ലെന്ന് കഴിഞ്ഞലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നടത്തിയ വിലയിരുത്തല്‍ പാളി. ആ സമയത്ത് കൃത്യമായി അപ ഗ്രഥിച്ച് യഥാർഥ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ഇതു സംഭവിക്കുമായിരുന്നില്ല.
ഒട്ടേറെത്തവണ ഗൃഹസമ്പർക്ക പരിപാടി നടത്തിയിട്ടും ജനങ്ങളുടെ മനസ്സിലിരിപ്പ് വിലയിരുത്താനായില്ല. നേതാക്കള്അണികളില്നിന്ന് അകന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വിവിധ കാരണങ്ങളാല്‍ പാർട്ടിയുമായി അകന്നവരെ തിരിച്ചെത്തിക്കാൻ നടപടിവേണം. നേതാക്കള്‍ ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണം.
ജനങ്ങള്‍ പാർട്ടിയെയും നേതാക്കളെയും വിലയിരുത്തുന്നത് എങ്ങനെയെന്നു മനസ്സിലാക്കി പ്രവർത്തിക്കണമെന്ന നിർദേശവും ഉയർന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ജില്ലയിലെ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗം ഇന്നും തുടരും.
