കേരളത്തില്‍ അഞ്ചു വര്‍ഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാര്‍ ആവട്ടെ ; പരിഹസിച്ച്‌ നരേന്ദ്ര മോദി

കേരളത്തില്‍ അഞ്ചു വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാരെയോ രണ്ടര വർഷം വീതം കാലാവധിയില്‍ രണ്ട് മുഖ്യമന്ത്രിമാരേയോ തെരഞ്ഞെടുക്കാൻ കോണ്‍ഗ്രസ് ഹൈകമാൻഡിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആർട്ട് ഓഫ് ലിവിങിന്റെ 45ാം വാർഷികത്തില്‍ പങ്കെടുക്കാൻ ബംഗളൂരുവിലെത്തിയ വേളയില്‍ ബി.ജെ.പി നേതാക്കള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് മോദിയുടെ പരിഹാസ ഫോർമുല.കേരളത്തില്‍ ബി.ജെ.പി എം.എല്‍.എമാരുടെ എണ്ണം വർധിച്ചുവരികയാണെന്നും വരുംദിവസങ്ങളില്‍ കേരളത്തില്‍ പാർട്ടി ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കർണാടകയില്‍ ബി.ജെ.പിക്ക് അനുകൂലമായ വലിയ ജനപിന്തുണ ദൃശ്യമാണെന്നും സംസ്ഥാനത്ത് കാവി തരംഗം ആഞ്ഞടിക്കുകയാണെന്നും മോദി അഭിപ്രായപ്പെട്ടു. അധികാരത്തർക്കത്തില്‍ ആടിയുലയുകയാണ് കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ. അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ബി.ജെ.പി മുന്നേറി. ജനങ്ങള്‍ പാർട്ടിയില്‍ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് തുടർച്ചയായ ഭരണം. കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ അധികാരമേറ്റ് ആറുമാസത്തിനകം ജനവിരുദ്ധ വികാരം നേരിടുമ്പോള്‍ ബി.ജെ.പിക്ക് ഭരിക്കാൻ ജനങ്ങള്‍ വീണ്ടും വീണ്ടും അവസരം നല്‍കുകയാണ്. തമിഴ്‌നാട്ടില്‍ ഡി.എം.കെയെ കോണ്‍ഗ്രസ് പിന്നില്‍നിന്ന് കുത്തിയെന്നും അധികാരമോഹമാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലെ വിജയത്തെ കർണാടകയിലെ പ്രവർത്തകരുടെ വിജയമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സ്വീകരണത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *