“കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് വേണം, കീഴ്‌വഴക്കങ്ങള്‍ മാറണം” ; ബിനോയ് വിശ്വം

കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്നും അത് പാർട്ടിക്ക് ലഭിക്കുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡല്‍ഹിയില്‍ പറഞ്ഞു.

ഭരണഘടനാപരമായി അങ്ങനെയൊരു പദവി ഇല്ലെങ്കിലും കേരളത്തിലെ രാഷ്ട്രീയ കീഴ്‌വഴക്കങ്ങളില്‍ അതിന് പ്രസക്തിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവും ഉപനേതാവും എപ്പോഴും ഒരു പാർട്ടിയില്‍ നിന്ന് തന്നെയാകണമെന്ന് നിർബന്ധമില്ലെന്നും, കാലഹരണപ്പെട്ട ചില കീഴ്‌വഴക്കങ്ങള്‍ മാറേണ്ട സമയം അതിക്രമിച്ചെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് സി.പി.ഐ ഈ അവകാശവാദം ശക്തമാക്കുന്നത്.

തിരഞ്ഞെടുപ്പ് തോല്‍വി ജനങ്ങള്‍ നല്‍കിയ ഗൗരവകരമായ മുന്നറിയിപ്പാണെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ആശാ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച സി.പി.എം നിലപാട് തെറ്റായിപ്പോയെന്ന് അദ്ദേഹം തുറന്നടിച്ചു. തൊഴിലാളി സമരങ്ങളെ ആക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമല്ല. പാർട്ടിയില്‍ വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് വലിയ പിഴവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ഫെയ്‌സ്ബുക്ക് ചർച്ചകളെ തള്ളിയ അദ്ദേഹം, അത്തരത്തിലല്ല കമ്യൂണിസ്റ്റ് പാർട്ടിയില്‍ മാറ്റങ്ങള്‍ സംഭവിക്കേണ്ടതെന്നും ഓർമ്മിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എമ്മുമായുള്ള അഭിപ്രായഭിന്നതകള്‍ പരസ്യമായി പ്രകടിപ്പിക്കാനാണ് സി.പി.ഐ നീക്കം. ആശാ സമരത്തെച്ചൊല്ലി നേരത്തെ തന്നെ വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മുന്നണി മര്യാദയുടെ പേരില്‍ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സ്വന്തം അസ്തിത്വം ഉറപ്പിക്കാനും പാളിച്ചകള്‍ ചൂണ്ടിക്കാട്ടാനും സി.പി.ഐ തീരുമാനിച്ചതായാണ് ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *