‘മലപ്പുറം ജില്ല വിഭജിക്കുക’: വിപ്ലവകരമായ നിര്‍ദ്ദേശങ്ങളുമായി തിരൂര്‍ സബ് കളക്ടര്‍

കേരളത്തിലെ പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തില്‍ ഭരണപരമായ പരിഷ്കാരങ്ങള്‍ക്കായി നിർണ്ണായക നിർദ്ദേശങ്ങളുമായി തിരൂർ സബ് കളക്ടർ ദിലീപ് കെ.

കൈനിക്കര. മലപ്പുറം ജില്ലയുടെ വിഭജനം, പെൻഷൻ പ്രായം വർദ്ധിപ്പിക്കല്‍ തുടങ്ങി വിപ്ലവകരമായ അഞ്ച് കാര്യങ്ങളാണ് അദ്ദേഹം തന്റെ ‘വിഷ് ലിസ്റ്റായി’ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഭരണസൗകര്യത്തിനും ജനങ്ങള്‍ക്ക് സർക്കാർ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും മലപ്പുറം ജില്ല വിഭജിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജില്ലയ്ക്ക് അനുയോജ്യമായ വലുപ്പം ഏഴ് നിയമസഭാ മണ്ഡലങ്ങളാണെന്നും ഇതിനായി വരുന്ന സാമ്പത്തിക ചെലവ് മികച്ചൊരു നിക്ഷേപമായി കാണണമെന്നും സബ് കളക്ടർ കുറിച്ചു.

കേരളത്തിലെ മികച്ച ആരോഗ്യനിലവാരവും ആയുർദൈർഘ്യവും പരിഗണിച്ച്‌ പെൻഷൻ പ്രായം കുറഞ്ഞത് 58, 60 ആയി ഉയർത്തണം. 56 വയസ്സില്‍ വിരമിക്കുന്നത് ഭരണപരമായ നഷ്ടമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്കൂളുകളില്‍ മലയാളം മീഡിയം പ്രൈമറി തലത്തില്‍ പരിമിതപ്പെടുത്തണം. യുപി മുതല്‍ ഹയർ സെക്കൻഡറി വരെ ഇംഗ്ലീഷ് മീഡിയം സാർവത്രികമാക്കണം. എസ്‌എസ്‌എല്‍സി പരീക്ഷയിലെ എ പ്ലസ് ഉദാരവല്‍ക്കരണം അവസാനിപ്പിക്കണം. കുട്ടികളുടെ അക്കാദമിക് നിലവാരം കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന രീതിയില്‍ മാർക്കിംഗ് സമ്പ്രദായം പരിഷ്കരിക്കണം.

വിനോദസഞ്ചാര മേഖലയെയും സേവന മേഖലയെയും ആകർഷിക്കാൻ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണം. 2029 വരെ തിരഞ്ഞെടുപ്പുകള്‍ ഇല്ലാത്ത അടുത്ത വർഷങ്ങള്‍ ഇത്തരം കടുത്ത പരിഷ്കാരങ്ങള്‍ നടപ്പിലാക്കാൻ സർക്കാരിന് ലഭിച്ച സുവർണ്ണാവസരമാണെന്നും ദിലീപ് കെ. കൈനിക്കര തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *