പാമ്ബുകടിയ്ക്കെതിരെ പ്രതിരോധവും സമയബന്ധിതമായ ചികിത്സയും വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ചൂട് അധികമായത് കാരണം ഇഴ ജന്തുക്കള്‍ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണ്. അതിനാല്‍ വീടും സ്ഥാപനങ്ങളും പരിസരങ്ങളും പാമ്ബുകള്‍ക്ക് കയറിയിരിക്കാനുള്ള അവസരമൊരുക്കാതെ ശ്രദ്ധ വേണം. ഇതിന്റെ ഭാഗമായി കാടും പടര്‍പ്പും കയറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്റോ മറ്റോ ഇട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം. പാമ്ബുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്.
താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്ബുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. വീട്ടിനുള്ളില്‍ പാമ്ബ് കടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
