ഫലം വരുന്നത് വരെ കാത്തിരിക്കണം; വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ല; മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി കെ സി വേണുഗോപാല്‍

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാലാം തിയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ല. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ട്. എല്ലാവരും കൂടിയാലോചിച്ച്‌ തീരുമാനമെടുക്കും. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം വനിതാ സംവരണ ബില്ലിലും അദ്ദേഹം പ്രതികരിച്ചു. വനിതാ സംവരണത്തിന്റെ മറവില്‍ രാജ്യത്തെ ഭരണം എല്ലാ കാലത്തും നിലനിര്‍ത്താനാണ് ബിജെപി വ്യാമോഹിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

വനിതാ സംവരണത്തെ എതിര്‍ക്കുന്നില്ല. പിന്തുണക്കാന്‍ തയാറാണ്. എന്നാല്‍ ബിജെപിയുടെ ലക്ഷ്യം മറ്റൊന്നാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. വനിതാ സംവരണ ബില്‍ 2023ല്‍ പാസാക്കിയപ്പോള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. അന്ന് നടപ്പിലാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞു. കൃത്യമായ അജണ്ടയോടെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ് ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ഉപയോഗിച്ച്‌ കശാപ്പ് ചെയ്തുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *