ഇടതുപക്ഷ മുന്നണിയില്‍ എസ്.ഡി.പി.ഐ ഇല്ല, എന്നാല്‍ വോട്ട് വേണ്ടെന്ന് പറയില്ല : ടി.പി രാമകൃഷ്ണൻ

എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് ബന്ധമില്ലെന്നും എന്നാല്‍ വോട്ട് വേണ്ടെന്ന് പറയില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനറും പേരാമ്പ്രയിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുമായ ടി.പി രാമകൃഷ്ണൻ.

ഇടതുപക്ഷ മുന്നണിയില്‍ എസ്.ഡി.പി.ഐ ഇല്ല. എന്നാല്‍ അവരുടെ വോട്ട് വേണ്ടന്ന് താൻ പറയുന്നില്ല. എനിക്ക് ആർക്കും വോട്ട് ചെയ്യാം. കോണ്‍ഗ്രസുകാരോടും ലീഗുകാരോടും ഞാൻ വോട്ട് ചോദിക്കുന്നുണ്ട്. ജനക്ഷേമ നടപടികളോടും വികസന പ്രവർത്തനങ്ങളോടും യോജിപ്പുള്ള എല്ലാവരും ഇടതുപക്ഷമുന്നണിക്ക് വോട്ടുചെയ്യണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

സി.പി.എം ബി.ജെ.പി ഡീല്‍ എന്നത് അസംബന്ധമാണ്. ആർ.എസ്.എസുമായുളള ഏറ്റുമുട്ടലില്‍ നിരവധി സഖാക്കള്‍ ജീവൻ കൊടുത്ത പ്രസ്താനമാണ് ഞങ്ങളുടേത്. മുമ്പ് വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി സഖ്യമുണ്ടാക്കിയിരുന്നു. ആ അനുഭവം ഇവിടെയുള്ള ജനങ്ങള്‍ക്കുണ്ട്. സി.പി.എമ്മിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്നത് സത്യസന്ധമല്ലെന്നും അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.

പേരാമ്പ്രയിലെ പ്രചരണം നല്ലരീതിയില്‍ പോകുന്നുണ്ട്. ഇടതുപക്ഷ ഗവണ്‍മെന്‍റിന്‍റെ ഭരണാനുഭവങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. പേരാമ്പ്രയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ ജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. കഴിഞ്ഞ പത്ത് വർഷക്കാലം ഈ മണ്ഡലത്തിലെ ജനങ്ങളോടൊപ്പം നിന്ന് അവരുടെ ആവിശ്യങ്ങള്‍ നിറവേറ്റാൻ ശ്രമിച്ചിട്ടുണ്ട്. യു.ഡി.എഫ് എത്ര വലിയ പ്രചാരവേല സംഘടിപ്പിച്ചാലും അത് വിലപ്പോവില്ല. എല്ലാമേഖലയിലും വികസനം കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്. യു.ഡി.എഫ് വാഗ്ദാനങ്ങള്‍ നടത്തി എന്നല്ലാതെ ഒന്നും നടപ്പില്‍ വരുത്തിയിട്ട് ഇല്ലെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *