വഴിപാടുകള്‍ മുടങ്ങരുത് ; ഗ്യാസ് വിതരണ മുൻഗണനയില്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ദേവസ്വംബോര്‍ഡ്

ക്ഷേത്രങ്ങളിലെ പാചകവാതക വിതരണത്തിന് മുൻഗണന നല്‍കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പിന് കത്തുനല്‍കി തിരുവിതാംകൂർ ദേവസ്വംബോർഡ്, .

വഴിപാടുകള്‍ മുടങ്ങാൻ ഇടയാക്കുന്ന സാഹചര്യം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. പാചകവാതക വിതരണത്തിന്റെ മുൻഗണനാക്രമത്തില്‍ ക്ഷേത്രങ്ങളെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ ആവശ്യപ്രകാരം, ദേവസ്വം കമ്മിഷണറാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിനെ ആവശ്യം അറിയിച്ചത്. വഴിപാട് മുടങ്ങിയാല്‍ നടവരവിനെ ബാധിക്കും. വഴിപാടുകളില്‍നിന്നുകൂടിയാണ്, ക്ഷേത്രത്തിന്റെ ചെലവുകള്‍ക്കാവശ്യമായ തുക കണ്ടെത്തുന്നത്.

വഴിപാട് മുടങ്ങിയാലും ക്ഷേത്രത്തിലെ നിവേദ്യം തയ്യാറാക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠയ്ക്ക് അനുസരിച്ചുള്ള നിവേദ്യങ്ങളാണ് തയ്യാറാക്കുന്നത്. ഇത് മുടക്കാൻ പാടില്ല. പ്രതിഷ്ഠാസമയത്തോ പുനഃപ്രതിഷ്ഠാ സമയത്തോ തന്ത്രിയും ക്ഷേത്രഉൗരാളന്മാരും ഭക്തജനങ്ങളും ചേർന്ന് ഭഗവാന് മുന്നില്‍ വായിച്ച്‌ സമർപ്പിക്കുന്ന പടിത്തരം അനുസരിച്ചാണ് ഇവ തയ്യാറാക്കുന്നത്. നിവേദ്യം, ഒരിക്കലും മുടക്കരുതാത്ത ആചാരങ്ങളില്‍പ്പെടുന്നതാണ്. ചില ക്ഷേത്രങ്ങളില്‍ പാചകവാതക ക്ഷാമംമൂലം വഴിപാടുകളുടെ എണ്ണം കുറച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ തിടപ്പള്ളികളിലാണ് നിവേദ്യം തയ്യാറാക്കുന്നത്. പലയിടത്തും തിടപ്പള്ളി സ്ഥലം കുറഞ്ഞ മുറികളിലാണ്. വിറക് അടുപ്പായാല്‍ പുകകൊണ്ട് നിറയുന്ന ഇതിനുള്ളില്‍ ഒരാള്‍ക്ക് നില്‍ക്കാൻ പ്രയാസമാണ്.

Leave a Reply

Your email address will not be published. Required fields are marked *