പെരുമാറ്റച്ചട്ടത്തിന് മുൻപേ എംവിഡിയില്‍ തിടുക്കപ്പെട്ട സ്ഥലംമാറ്റങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന് മണിക്കൂറുകള്‍ മുൻപേ മോട്ടോർവാഹനവകുപ്പില്‍ സ്ഥലംമാറ്റപ്പെരുമഴ.

എൻഫോഴ്‌സ്‌മെന്റ്, മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റപ്പട്ടികയാണ് ഇറക്കിയിട്ടുള്ളത്.98 മോട്ടോർവെഹിക്കിള്‍ ഇൻസ്പെക്ടർമാർക്കാണ് ആദ്യപട്ടികയില്‍ സ്ഥലംമാറ്റം. ഇവർ തിങ്കളാഴ്ച രാവിലെ ജോലിയില്‍ പ്രവേശിക്കണമെന്നാണ് നിർദേശം. 105 അസി. മോട്ടോർവെഹിക്കിള്‍ ഇൻസ്പെക്ടർമാരെയും 145 മിനിസ്റ്റീരിയല്‍ ജീവനക്കാരെയും സ്ഥലംമാറ്റിയിട്ടുണ്ട്. അവധിദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിലാണ് ഉത്തരവുകള്‍ പുറത്തുവന്നിട്ടുള്ളതെങ്കിലും വെള്ളിയാഴ്ചത്തെ തീയതിയാണ് ഉത്തരവുകളിലുള്ളത്.

തെക്കൻ ജില്ലകളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ വടക്കൻ ജില്ലകളിലെ ഓഫീസുകളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ ജോലിചെയ്യുന്ന ഓഫീസില്‍ നിന്നും നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച്‌ അന്നേദിവസം പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കുക പ്രായോഗികമല്ല. ഭരണപരമായ സൗകര്യത്തിനായി എന്നപേരില്‍ ഒട്ടേറെ ഉദ്യോഗസ്ഥരെ മാറ്റിയിട്ടുണ്ട്. ഇതില്‍ മാനദണ്ഡം പാലിച്ചിട്ടില്ലെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *