അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ഇല്ല; ജി സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനം

നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസിന് സ്ഥാനാർഥി ഇല്ല.സിപിഎം വിട്ട് സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിക്കാൻ തീരുമാനിച്ച ജി സുധാകരനെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ആരുടേയും പിന്തുണ തേടില്ലെന്നാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ സുധാകരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സുധാകരന്‍ മത്സരത്തിനായി രംഗത്തെത്തിയതെന്ന അഭ്യൂഹം നിലനിന്നിരുന്നു. യുഡിഎഫ് നേതാക്കള്‍ ജി സുധാകരനുമായി ആശയവിനിമയം നടത്തുകയും, പിന്തുണ സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ജി സുധാകരന് നിരുപാധിക പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവായ എം ലിജുവാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. സിപിഎമ്മിന്റെ എച്ച്‌ സലാമാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 11,126 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സലാം വിജയിച്ചത്. സുധാകരന്‍ കാലുവാരിയതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമായതെന്ന ആരോപണം വലിയ വിവാദമായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *