ഒ ഉമറുൽ ഫാറൂഖ്
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചു തുടങ്ങിയ പശ്ചിമേഷ്യ യുദ്ധം എന്ന്, എവിടെ അവസാനിക്കും എന്നറിയാതെ
അനിശ്ചിതമായി തുടരുകയാണ്. ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിച്ചതോടെ അവസാനിക്കുമെന്ന കരുതിയ യുദ്ധം
ഇറാനും കടന്ന് പശ്ചിമേഷ്യയിലേക്കും അതിന്റെ സാമ്പത്തിക ആഘാതം ലോക രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചു
കഴിയുന്ന നമ്മുടെ കേരളവും കടുത്ത ആശങ്കയിലാണ്. ഇന്ത്യയേയും ഇന്ത്യക്കാരേയും ബാധിക്കില്ലെന്ന് ആശ്വസിച്ചിരിക്കാൻ ആവില്ലെന്നാണ് നിരീക്ഷകർ
ചൂണ്ടിക്കാണിക്കുന്നത്.
അതിന്റെ ആദ്യ ഫലമാണ് പാചക വാതക ക്ഷാമവും വിലക്കയറ്റവും. നമ്മുടെ നാടും പഴയ വിറകിലേക്കും വൈദ്യുത അടുപ്പിലേക്കും മട
ങ്ങേണ്ടി വരുമോ എന്ന ഉൽകണഠ അതിശയോക്തിയാവില്ല എന്നാണ് സൂചനകൾ.
രണ്ട് കാര്യങ്ങളാണ് ഇന്ത്യയെ മൊത്തത്തിലും കേരളത്തെ പ്രത്യേകമായും ബാധിക്കുന്നത്. അമേരിക്ക-ഇസ്രായേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി
ഇറാൻ ഗൾഫ് രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളേയും എണ്ണ സംഭരണികളേയും ആക്രമിക്കുന്നത് ആ രാജ്യങ്ങളെ മാത്രമല്ല,
അവിടെ ജോലി ചെയ്തു താമസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളേയും അവരെ ആശ്രയിച്ചു കഴിയുന്നവരേയും പ്രത്യക്ഷമായി തന്നെ ബാധിക്കും.
എണ്ണ സമ്പത്താണ് ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക സ്രോതസ്സ്. അവയുടെ സംഭരണവും വിതരണവും തടസ്സപ്പെട്ടാൽ രാജ്യങ്ങൾ തന്നെ
നിശ്ചലമാവും. ഇറാനെ സംബന്ധിച്ചേടത്തോളം ഗൾഫ് രാജ്യങ്ങളിലെ എണ്ണ റിഫൈനറികൾ കൈയെത്തും ദൂരത്താണ്. അവ ആക്രമിക്കാനുള്ള
ഹ്രസ്വ ദൂര മിസൈലുകളും ഡ്രോണുകളും ഇറാന്റെ കൈവശം ഇനിയുമുണ്ട് എന്നാണ് മനസ്സിലാവുന്നത്. ആ നിലയിലേക്ക് കാര്യങ്ങളെത്തിയാൽ
കോവിഡ് കാലത്തെ അനുസ്മരിക്കും വിധം നമ്മുടെ കേരളത്തിലെ ജീവിതവും നിശ്ചലമാവും.
ഇറാന്റെ ആക്രമണ ലക്ഷ്യങ്ങളിൽ മുഖ്യം ഗൾഫ് രാജ്യങ്ങളിലെ യു.എസ്-ഇസ്രായേൽ സൈനിക താവളങ്ങളും ആ രാജ്യങ്ങളുടെ സാമ്പത്തിക
സ്രോതസ്സുകളുമാണ്. ഗൾഫ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി വെടിനിർത്തലിലേക്ക് നയിക്കുക എന്നതാണ് അവരുടെ യുദ്ധ തന്ത്രങ്ങളിലൊന്ന്.
ഗൾഫിലെ ഡീ സാലനൈസേഷൻ പ്ലാന്റുകൾ അഥവാ കടൽ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകൾ ഇറാന്റെ ആക്രമണ ലക്ഷ്യങ്ങളാവുന്നത്
അങ്ങിനെയാണ്. ഇത്തരം പ്ലാന്റുകൾ ഗൾഫ് നാടുകളുടെ ജീവ സ്രോതസ്സുകളാണ്. സൗദി അറേബ്യ ഏതാണ്ട് 70
ശതമാനവും കുവൈത്ത് 90 ശതമാനവും ഡീ സാലനൈസേഷൻ പ്ലാന്റുകളെ ആശ്രയിച്ചാണ് കഴിയുന്നത്. ഈ പ്ലാന്റുകൾ ആക്രമണം
നേരിട്ടാൽ അക്ഷരാർത്ഥത്തിൽ ഗൾഫ് രാജ്യങ്ങൾ പ്രതിസന്ധിയിലാവും. ബഹ്റൈനിൽ അത്തരത്തിലൊരു പ്ലാന്റിന് നേരെയാണ് കഴിഞ്ഞ ദിവസം
ആക്രമണം ഉണ്ടായത്. അത്തരമൊരു ആത്യന്തിക നടപടിക്ക് ഇറാൻ മുതിരുമോ എന്നതാണ് സംശയം.
ഇറാന്റെ ആക്രമണ ശേഷി നശിപ്പിക്കുക എന്നതാണ് അമേരിക്ക ഇപ്പോൾ ചെയ്യുന്നത്. അത് എത്രത്തോളം വിജയം കണ്ടു
എന്ന് പറയാനാവില്ല. കാരണം, വ്യോമാക്രമണം കൊണ്ടു മാത്രം ഒരു രാജ്യത്തേയും പൂർണമായി കീഴടക്കാനാവില്ല. അവരുടെ ആയുധ ശേഷി ഇല്ലാതാക്കാനും കഴിയില്ല.
ഇപ്പോഴും ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് ഇസ്രായേലിനു നേരേയും ഡ്രോണുകളയച്ച് ഗൾഫിലെ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടത്താൻ ഇറാന് സാധിക്കുന്നുണ്ട്.
പേർഷ്യൻ ഉൾക്കടലിനേയും അറബിക്കടലിനേയും ബന്ധിക്കുന്ന ഹോർമുസ് കടലിടുക്കാണ് ഇറാന്റെ മറ്റൊരു പിടിവള്ളി.
167 കിലോമീറ്റർ നീളവും 35 കിലോമീറ്റർ വീതിയുമുള്ള ഈ കടലിടുക്ക് ലോകത്തിന്റെ എണ്ണ ധമനി എന്നാണ് അറിയപ്പെടുന്നത്. ലോകത്തെ അഞ്ചിലൊന്ന്
ഇന്ധനവും കടന്നുപോവുന്നത് ഇതുവഴിയാണ്. തന്ത്ര പ്രധാനമായ ഈ കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈവശമാണ്. അത് ഭേദിക്കാൻ അമേരിക്കക്ക് സാധിക്കുമോ എന്ന് വ്യക്തമല്ല. യു.എസ് നാവിക സേന അകമ്പടി നൽകിയാൽ തന്നെ കപ്പലുകൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കാനാവില്ല എന്നതാണ് വസ്തുത. കാരണം റയഡ് ക്രൂസ് മിസൈൽ ഉപയോഗിച്ച് 350 കിലോമീറ്റർ അകലെ നിന്ന് പോലും കപ്പലുകളെ ആക്രമിക്കാൻ ഇറാന് സാധിക്കും. അവരുടെ ഷാഹിദ് 136 ഡ്രോണുകൾക്ക് 2000 കിലോമീറ്റർ സഞ്ചരിക്കാനാവുമെന്നതും എണ്ണക്കപ്പലുകൾക്ക് നിത്യ ഭീഷണിയാണ്. ചരിത്രത്തിലാദ്യമായി ഈ കടലിടുക്ക് ഇറാൻ അടച്ചു എന്നതാണ് ഇന്ത്യയടക്കം ലോക രാജ്യങ്ങൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പാചക വാതകത്തിനും മറ്റു ആവശ്യങ്ങൾക്കുമായി ഇന്ത്യ ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് നാമത് വാങ്ങുന്നത്. അത് ഏതാണ്ട് പൂർണമായും ഹോർമുസ് കടലിടുക്ക് വഴിയാണ് വരുന്നതും.
ആ വിതരണ ശൃംഖല തടയപ്പെടുകയെന്നാൽ സ്വാഭാവികമായും അവയുടെ ലഭ്യത കുറയും. ഇതു വിലക്കയറ്റത്തിന്
കാരണമാവും എന്നതിന് പുറമെ പാചക വാതകം കിട്ടാക്കനിയായി മാറുകയും ചെയ്യും.
ഗൾഫ് രാജ്യങ്ങൾ അസംസ്കൃത എണ്ണയുടെ സംസ്കരണം കുറച്ചതാണ് നമ്മുടെ മുന്നിലെ മറ്റൊരു ഭീഷണി.
ഉൽപാദനം കുറച്ചാൽ ഇന്ധന വില ഉയരുകയും ഇറക്കുമതി രാജ്യങ്ങളിലെ ഇന്ധന വില കുതിച്ചുയരുകയും ചെയ്യും. ക്രൂഡ് ഓയിൽ വില ബാരലിന് 200 ഡോളർ വരെ
ഉയരുമെന്നാണ് ഇറാൻ മുന്നറിയിപ്പു നൽകുന്നത്. അത്തരമൊരു സാഹചര്യം ഇന്ത്യക്ക് താങ്ങാവുന്നതിലപ്പുറമായിരുക്കും. കടുത്ത വിലക്കയറ്റത്തിലേക്കും
ഇന്ധന ക്ഷാമത്തിലേക്കും അത് നയിക്കും എന്ന കാര്യം ഉറപ്പ്.
ഈ യുദ്ധം പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങുന്നതാണെന്ന് കരുതാനാവില്ല. ഇപ്പോൾ തന്നെ പല ഏഷ്യൻ രാജ്യങ്ങളും
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുകയും ഓഫീസുകളുടെ പ്രവർത്തനം നാലു ദിവസമായി പരിമിതപ്പെടുത്തുകയും
ചെയ്തിട്ടുണ്ട്. ഈ സംഘർഷ കൊടുങ്കാറ്റിൽ നിന്ന് ഇന്ത്യക്കും നമ്മുടെ കൊച്ചു കേരളത്തിനും ഏറെ നാൾ മാറിനിൽക്കാനാവില്ല. .
