മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി…! സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി കോടതി

സോളാർ കേസില്‍ മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ നടപടികള്‍ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹരജി കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.

തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികള്‍ നിർത്തിവയ്ക്കണം എന്നതായിരുന്നു ആവശ്യം. സോളാർ കത്തില്‍ കൂടുതല്‍ പേജുകള്‍ കൂട്ടിച്ചേർത്തത് ഗൂഢാലോചനയാണ് എന്ന് കാണിച്ച്‌ നല്‍കിയ ഹർജിയിലാണ് നടപടി.

സോളാർ കേസിലെ പരാതിക്കാരിയുടെ കത്തില്‍ നാല് പേജ് കൂട്ടിച്ചേർത്തു എന്ന് കാണിച്ചു കൊണ്ടുള്ള പരാതിയിലാണ് കോടതി നടപടികള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോടതി നടപടികള്‍ക്ക് അമിത പ്രാധാന്യം ലഭിക്കുന്നു. അത് തനിക്ക് ദോഷമായി ബാധിക്കും എന്ന് കാണിച്ചാണ് കെ.ബി ഗണേഷ് കുമാർ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികള്‍ നിർത്തിവെക്കണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം. ഇതാണ് കോടതി തള്ളിയത്.

സോളാർ ഗൂഢാലോചന കേസില്‍ പരാതിക്കാരിയുടെ കത്ത് ഗണേഷ്‌കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് കൈമാറിയിരുന്നതായി സരിതയുടെ മുൻ അഭിഭാഷകനായിരുന്ന അഡ്വ:ഫെനി ബാലകൃഷ്ണൻ മൊഴി നല്‍കിയിരുന്നു.

പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന പ്രദീപ് കുമാറിനും, ഗണേഷ്‌കുമാറിന്റെ ബന്ധുവായ ശരണ്യ മനോജിനും കത്ത് കൈമാറിയിരുന്നതായാണ് ഫെനി ബാലകൃഷ്ണൻ മൊഴി നല്‍കിയിട്ടുള്ളത്. ഫെനി ബാലകൃഷ്ണന്റെ മൊഴി പൂർണ്ണമായും രേഖപെടുത്തിയിട്ടില്ല. ഉമ്മൻ ചാണ്ടിയെ പീഡനകേസില്‍ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞിരുന്നതായി മുൻ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന സുധീർ മലയില്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *