പശ്ചിമേഷ്യയില്‍ സംഘര്‍ഷം ; ലോകകേരളസഭ അംഗങ്ങളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി

പശ്ചിമേഷ്യയില്‍ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സാഹചര്യത്തില്‍ ലോകകേരളസഭ അംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി.

ഗള്‍ഫ് രാജ്യങ്ങളിലെ നിലവിലെ സ്ഥിതിഗതികള്‍ കേരളീയ സമൂഹത്തിലും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഗള്‍ഫില്‍ കഴിയുന്ന മലയാളികളോട് സർക്കാർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സാഹചര്യം സങ്കീർണ്ണമായാല്‍ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായം തേടുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കത്തയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികളുടെ ബന്ധുക്കള്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി ഹെല്‍പ്പ് ലൈൻ സൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിക്കും. നിലവില്‍ നോർക്കയുടെ കീഴില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്പ് ലൈൻ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ട്രാൻസിറ്റ് വിസയില്‍ ഉള്ളവർ, യാത്രാതടസ്സം നേരിടുന്നവർ, രോഗികള്‍ എന്നിവർക്ക് ആവശ്യമായ പിന്തുണ നല്‍കാൻ ലോകകേരളസഭ അംഗങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസികളുമായി നിരന്തരം ബന്ധം പുലർത്താനും പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന സുരക്ഷാ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

യുദ്ധസാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകളും ഊഹാപോഹങ്ങളും വിശ്വസിക്കരുതെന്ന് മുഖ്യമന്ത്രി പ്രവാസികളോട് അഭ്യർത്ഥിച്ചു. ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ നോർക്ക വഴി ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും പ്രവാസികളുടെ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *