വിവാദമായ ആറന്മുള ഇലക്‌ട്രോണിക്സ് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയില്‍ നിന്ന് പിന്മാറി സംസ്ഥാന സര്‍ക്കാര്‍

വലിയ വിവാദങ്ങള്‍ക്ക് വഴിമാറിയ ആറന്മുള ഇലക്‌ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി.

പദ്ധതിയുമായി ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം വിവരാവകാശ രേഖയിലൂടെയാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

പരിസ്ഥിതി ലോലമായ ആറന്മുള പുഞ്ചയിലെ നിലം നികത്തുന്നതിനെതിരെ കൃഷി വകുപ്പും ജില്ലാ കളക്ടറും നല്‍കിയ റിപ്പോർട്ടുകളാണ് നിർണ്ണായകമായത്. പദ്ധതിക്കായി നിർദ്ദേശിച്ച 122.52 ഹെക്ടര്‍ ഭൂമിയില്‍ വെറും 21.6 ഹെക്ടര്‍ മാത്രമാണ് പുരയിടം. ബാക്കി 100.92 ഹെക്ടറും നെല്‍വയലാണ്. ഇതില്‍ ഇളവ് നല്‍കാൻ കഴിയില്ലെന്ന് കൃഷി മന്ത്രി രണ്ടു വട്ടം ഫയലില്‍ കുറിച്ചു.

പദ്ധതി വരുന്നതോടെ പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുമെന്നും വലിയ വെള്ളക്കെട്ടുണ്ടാകുമെന്നും പത്തനംതിട്ട കളക്ടർ റിപ്പോർട്ട് നല്‍കി. റവന്യൂ വകുപ്പും പദ്ധതിയെ അനുകൂലിച്ചില്ല. മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് നെല്‍കൃഷി ഇറക്കിയ ഭൂമിയില്‍ വ്യവസായ പദ്ധതി വരുന്നത് സർക്കാരിന് രാഷ്ട്രീയമായും വലിയ തിരിച്ചടിയാകുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *