അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിൻറെ ക്ലിൻ ചിറ്റ്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് .
വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ശിവകുമാറിനുളളതെന്ന് പറയുന്ന റിപ്പോർട്ട് വിജിലൻസ് സർക്കാരിന് സമർപ്പിച്ചു.
ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ശിവകുമാറിന് ഒപ്പം ഉണ്ടായിരുന്ന ചിലർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ആദായ നികുതി വകുപ്പിൻറെ അന്വേഷണം വേണമെന്നും റിപ്പോർട്ടില്‍ പറയുന്നു. ശിവകുമാറിന്റെ സുഹൃത്തുക്കളായ എൻ.എസ് ഹരികുമാർ, എം. രാജേന്ദ്രൻ, ഡ്രൈവർ ഷൈജുഹരൻ എന്നിവർ ശിവകുമാർ മന്ത്രിയായിരുന്ന കാലത്ത് സ്വത്തുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. ഇവർക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു.
ഉമ്മൻചാണ്ടി സർക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് ശിവകുമാർ നേരിട്ടും ബിനാമികള്‍ വഴിയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ് ശിവകുമാറിൻറെ ആസ്തിവകകളില്‍ വലിയ വ്യത്യാസമുണ്ടായെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ബിനാമിയിലൂടെ ശിവകുമാർ നേടിയെടുത്തുവെന്നും ആയിരുന്നു കേസ്.
