കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി.
കൂടിക്കാഴ്ചയില്‍ സംസ്ഥാന നേതാക്കള്‍ക്ക് പങ്കില്ലെന്നും ഉപയോഗിച്ചത് കര്‍ണാടകത്തിലെ രാഷ്ട്രീയ ബന്ധങ്ങളാണെന്നുമാണ് പോറ്റിയുടെ മൊഴി.
കര്‍ണാടകത്തിലെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് കൂടിക്കാഴ്ചയ്ക്ക് അവസരം നേടിയതെന്നും മൊഴി നല്‍കിയ പോറ്റി, സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രം തുടര്‍നടപടി സ്വീകരിക്കാനാണ് എസ്‌ഐടിയുടെ നീക്കം.
നിലവില്‍ ജാമ്യത്തില്‍ തുടരുന്ന പോറ്റിയെ ഇന്നലെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇതേ സമയത്ത് തന്നെയായിരുന്നു യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്തത്. 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം നല്‍കാത്തതിനാല്‍ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് പോറ്റി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
