ഡിസ്ചാർജ്ജ് ചെയ്ത രോഗിയെ ബില്ല് അടയ്ക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുനിർത്താനകില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ.
മലപ്പുറം ചുങ്കത്തറ സ്വദേശി നല്കിയ പരാതിയില്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് ഉത്തരവ്.
ഇൻഷ്യുറൻസ് കമ്ബനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ രോഗിക്കു നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു.
2024 സെപ്റ്റംബർ 18 നാണ് ചുങ്കത്തറ സ്വദേശി കോയക്കുട്ടിയുടെ മകന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ സർജറി നടത്തിയത്.
സെപ്റ്റംബർ 19 ന് ഡിസ്ചാർജ്ജ് ആവുകയും ചെയ്തു.
ചികിത്സക്ക് അഡ്വാൻസ് ആയി 11,000 രൂപ ഇൻഷുറൻസ് അനുവദിച്ചെങ്കിലും 66,500 രൂപക്ക് പകരം 41,800 രൂപ മാത്രമാണ് ഇൻഷുറൻസ് തുക അനുവദിച്ചത്.
കൂടുതല്‍ തുക അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു ഇൻഷുറൻസ് കമ്ബനി അറിയിച്ചത്.
ബന്ധുക്കളില്‍ നിന്നും കടം വാങ്ങി ബില്ല് പൂർണ്ണമായും അടച്ച ശേഷം വൈകിട്ടാണ് കോയക്കും കുടുംബത്തിനും ആശുപത്രി വിട്ടുപോകാൻ കഴിഞ്ഞത്.
താൻ പൈസ കരുതിയിട്ടുണ്ടായിരുന്നില്ലെന്നും ഡിസ്ചാർജ് ചെയ്യണമെങ്കില്‍ 24700 രൂപ വേണമെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിയതായും പരാതിക്കാരൻ പറഞ്ഞു.
രാവിലെ 9 മണിക്ക് ഡിസ്ചാർജായ താൻ പോകുമ്ബോള്‍ നാലു മണിയായി. തുക സംഘടിപ്പിച്ച് അടയ്ക്കാനും താമസം വന്നു.
ഓപ്പറേഷൻ കഴിഞ്ഞ കുട്ടിയും ഭാര്യയും, ആ ലോബിയില്‍ നില്‍ക്കേണ്ട അവസ്ഥ വന്നു.അഞ്ചു ദിവസം കഴിഞ്ഞ് 23,905 രൂപ കൂടി ഇൻഷുറൻസ് കമ്ബനി അനുവദിച്ചു.
ഇൻഷ്യുറൻസ് കമ്ബനിയുടെ ഭാഗത്തെ വീഴ്ചയാണെന്നും ആരോപിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
ഡിസ്ചാർജ്ജ് ചെയ്ത രോഗിയെ ഇൻഷുറൻസ് തുക അനുവദിക്കാത്തതിനാല്‍ ആശുപത്രിയില്‍ കഴിയാനിടവന്നതില്‍ ഇൻഷുറൻസ് കമ്ബനിയുടെ ഭാഗത്തും ആശുപത്രിയുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് കമ്മീഷൻ നടപടി.
നാല്പത്തഞ്ച് ദിവസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം ഒൻപത് ശതമാനം പലിശയും നല്‍കണം.
