‘പെറ്റിക്കേസിന് തുല്യം, എന്നിട്ടെന്തിനാണ് നാടകീയ നടപടി’; പ്രതിഷേധത്തിനൊടുവില്‍ എൻ സുബ്രഹ്മണ്യനെ വിട്ടയച്ചു

കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗവും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എൻ സുബ്രഹ്മണ്യനെ ചേവായൂർ പൊലീസ് നോട്ടീസ് നല്‍കി വിട്ടയച്ചു.

ഏറെനേരമായി പൊലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട നേതാക്കളടക്കം സ്റ്റേഷനിലെത്തി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ പ്രവീണ്‍ കുമാർ പൊലീസിന് നേരെ വലിയ വിമർശനം ഉന്നയിച്ചിരുന്നു.

‘എൻ സുബ്രഹ്മണ്യനെതിരെ പിണറായി വിജയന്റെ പൊലീസ് സ്വീകരിച്ച നടപടി അന്യായവും അകാരണവുമാണ്. ഈ നടപടി അവഗണനയോടെ ഞങ്ങള്‍ തള്ളുകയാണ്. അകാരണമായ ഈ നടപടിക്ക് പൊലീസ് കടുത്ത വില നല്‍കേണ്ടിവരും. പ്രഭാതകൃത്യങ്ങള്‍ക്ക് പോലും സമയം കൊടുക്കാതെ ഒരു കൊടുംകുറ്റവാളിയെ പിടികൂടുന്നതുപോലെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ആ പൊലീസുകാരൻ ഓർത്തോളൂ ഇതിന് കനത്ത വില നല്‍കേണ്ടിവരും. ഇന്ന് സിപിഎമ്മുകാർക്ക് പലയിടത്തും ഭരണം നഷ്‌ടപ്പെട്ടു. യുഡിഎഫ് സീറ്റുകള്‍ തൂത്തുവാരി. അതില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചത്.

എഫ്‌ഐആറില്‍ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. അങ്ങനെയൊരു കേസില്‍ ഇങ്ങനെ വീടുവളഞ്ഞ് പിടികൂടിയ നടപടി കേരളത്തിലാദ്യമാണ്. നോട്ടീസ് കൊടുത്ത് വിളിച്ചിരുന്നെങ്കില്‍ അദ്ദേഹം സ്റ്റേഷനില്‍ ഹാജരായേനെ. അദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത് സ്വന്തം ജാമ്യത്തിലാണ് വിട്ടയച്ചത്. ഒരു പെറ്റി കേസിന് തുല്യമായ കേസാണിത്. പിന്നെ എന്തിനാണ് ഇത്തരമൊരു നടപടി. ഇനി ഇതിനെയെല്ലാം നിയമപരമായി നേരിടും’- കെ പ്രവീണ്‍ കുമാർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയും ശബരിമല സ്വർണക്കൊള്ളയില്‍ അറസ്റ്റിലായ ഉണ്ണികൃഷ്‌ണൻ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പങ്കുവച്ചതിനാണ് കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗവും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എൻ സുബ്രഹ്മണ്യനെ പൊലീസ് വീടുവളഞ്ഞ് പിടികൂടിയത്. വിഷയത്തില്‍ കെ സി വേമുഗോപാല്‍ എംപി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *