അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷിബുവിൻ്റെ ഹൃദയം സ്വീകരിച്ച നേപ്പാള്‍ സ്വദേശിനിയുടെ ആരോഗ്യനിലയില്‍ പ്രതീക്ഷിച്ച പുരോഗതിയെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്.
ചൊവ്വാഴ്ചയോടെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ദുർഗ കാമിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കേരളം
ഒരുമിച്ചു നിന്നു. സർക്കാർ ആശുപത്രി എന്ന നിലയില്‍ നേടിയത് ചരിത്രപരമായ നേട്ടമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയ രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയാണ് എറണാകുളം ജനറല്‍ ആശുപത്രി. കഴിഞ്ഞ 23ന് വൈകിട്ട് 3.15 ന് ആരംഭിച്ച ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ അന്ന് രാത്രി എഴു മണിയോടെയാണ് പൂർത്തിയായത്. ഹൃദയ ഭിത്തികള്‍ക്ക് കട്ടി കൂടുന്നതു മൂലം പമ്ബിങ് ശേഷി കുറയുന്നതായിരുന്നു ദുർഗ കാമിയുടെ രോഗം.
അടിയന്തിരമായി ഹൃദയം മാറ്റിവെക്കണം എന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. ഇന്ത്യക്കാരി അല്ലാത്തതിനാല്‍ കേന്ദ്രസർക്കാർ നിയമം തടസ്സമായിരുന്നു. കോടതിയുടെ ഇടപെടലാണ് സഹായകമായത്. ഹൃദയം ദാനം ചെയ്യാൻ ഷിബുവിന്റെ ബന്ധുക്കള്‍ തയ്യാറായതോടെ ചികിത്സയുടെ മുഴുവൻ ഉത്തരവാദിത്തങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. സർക്കാരിൻ്റെ എയർ ആംബുലൻസിലാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്.
