ബിജെപി വന്‍ വിജയം നേടിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് കൂടുതല്‍ പേരുകള്‍ പരിഗണനയില്‍.
വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നതോടെയാണ് കൂടുതല്‍ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കും പുറമേ സംസ്ഥാന ദക്ഷിണ മേഖലാ ജനറല്‍ സെക്രട്ടറി കരമന അജിത്തിന്റെയും വി ജി ഗിരികുമാറിന്റെയും പേരുകളാണ് ചര്‍ച്ചയിലുള്ളത്.
പ്രഥമ പരിഗണന വി വി രാജേഷിനാണെങ്കിലും ഇതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. രാജേഷ് അല്ലെങ്കില്‍ ഗിരികുമാറിനെ പരിഗണിക്കണമെന്നാണ് ആര്‍എസ്‌എസ് നിലപാട്. ജനകീയനെന്ന നിലയില്‍ കരമന അജിത് വേണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മൂന്നാം തവണയാണ് അജിത്ത് കൗണ്‍സിലിലേക്ക് എത്തുന്നത്. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോള്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ശക്തമായ വാദങ്ങളുന്നയിച്ചിട്ടുള്ളയാളാണ് അജിത്ത്. അജിത്തിന്റെ ഇടപെടല്‍ മുന്‍ ഭരണസമിതിയെ പ്രതിസന്ധിയിലും ആക്കിയിരുന്നു.
അതേസമയം, മേയറും ഡെപ്യൂട്ടി മേയറും വനിതകളാകുന്നതില്‍ ഭൂരിഭാഗത്തിനും എതിര്‍പ്പുണ്ട്. ഡെപ്യൂട്ടി മേയറില്‍ ജി എസ് മഞ്ജുവും സിമി ജ്യോതിഷുമാണ് പരിഗണനയിലുള്ളത്. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.
