ബാങ്ക് സേവന ചാര്‍ജുകളില്‍ ഏകീകരണം; ഉപഭോക്തൃ അറിയിപ്പില്ലാതെ അന്യായ ചാര്‍ജ് ഈടാക്കില്ല

സേവിങ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ ഉപഭോക്താക്കളെ അറിയിക്കാതെ വന്‍തുക ചാര്‍ജുകള്‍ ഈടാക്കുന്ന ബാങ്കുകളുടെ കൊള്ള ഉടന്‍ അവസാനിക്കും.

സേവന ചാര്‍ജുകള്‍ വ്യക്തമാക്കുകയും ഉപഭോക്താക്കളുടെ ആശയക്കുഴപ്പം ഒഴിവാക്കുകയും ചെയ്യുന്നതിനായി എല്ലാ ബാങ്കുകളിലും ഏകീകൃത സംവിധാനം നടപ്പാക്കാനുള്ള നടപടികളിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).

നിലവില്‍ ഒരേ സേവനത്തിന് വിവിധ ബാങ്കുകള്‍ വ്യത്യസ്ത ഫീസുകളാണ് ഈടാക്കുന്നത്. ചില ബാങ്കുകള്‍ ചാര്‍ജുകള്‍ മറച്ചുവെക്കുകയോ സങ്കീര്‍ണമായ പദങ്ങള്‍ ഉപയോഗിച്ച്‌ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ പുതിയ സംവിധാനവുമായി മുന്നോട്ട് പോകുന്നത്. സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് മിക്ക പൊതുമേഖലാ ബാങ്കുകളും സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് നിബന്ധന അടുത്തിടെ പിന്‍വലിച്ചിരുന്നു. വായ്പ അപേക്ഷ മുതല്‍ അംഗീകരണം അല്ലെങ്കില്‍ തള്ളല്‍ വരെയുള്ള ലോണ്‍ പ്രോസസ്സിംഗിനിടെയുള്ള ചാര്‍ജുകളും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

ആര്‍ബിഐയുടെ കഴിഞ്ഞ മാസത്തെ നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ പരിശോധിച്ചുവരികയാണ്. സ്വകാര്യപൊതുമേഖലാ ബാങ്കുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ നിലപാട് ആര്‍ബിഐയുമായി പങ്കുവെക്കുമെന്നും മറ്റൊരു ബാങ്ക് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എല്ലാത്തിനും ഒരേ നിരക്കുകള്‍ നിര്‍ദേശിക്കാനും പകരം അക്കൗണ്ട് തരം അനുസരിച്ച്‌ വ്യത്യസ്ത സേവന നിരക്കുകള്‍ അനുവദിക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം. എന്നാല്‍, എല്ലാ ശാഖകളിലും നല്‍കുന്ന സേവനങ്ങളുടെ പട്ടിക തയ്യാറാക്കാനും വ്യക്തിഗത വായ്പകളില്‍ ഈടാക്കുന്ന ചാര്‍ജുകളുടെ എണ്ണം കുറയ്ക്കാനും ആര്‍ബിഐ പ്രത്യേക നിര്‍ദേശം നല്‍കുമെന്ന് സൂചനയുണ്ട്. ഉപഭോക്തൃ സേവന മെച്ചപ്പെടുത്തലില്‍ ആര്‍ബിഐ സജീവമാണെന്നും ഇതിനായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഈ മാസം ആരംഭത്തില്‍ നടത്തിയ പണനയ അവലോകന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *