രാഹുല്‍ വിഷയത്തില്‍ എന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാവില്ല, എന്റെ പേര് പറയുന്നവര്‍ പറയട്ടെ : മുകേഷ്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാവില്ലെന്ന് കൊല്ലം എം.എല്‍.എ എം.മുകേഷ്.

അതില്‍ താൻ കമന്റ് പറയാൻ പാടില്ല. എന്റെ വായില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും ഉണ്ടാവില്ലെന്നും എം. മുകേഷ് പറഞ്ഞു. ഒരാളെ അപകീർത്തിപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും മുകേഷ് പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ ഏശിയിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. അതിനാല്‍ തനിക്ക് ഒരു ആശങ്കയുമില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണത്. കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ. നാട്ടില്‍ വികസനമെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മുകേഷ് എം.എല്‍.എ പറഞ്ഞു. തനിക്ക് ലഭിക്കുന്ന റോളുകള്‍ മനോഹരമാക്കാനും ശ്രമിക്കുമെന്നും മുകേഷ് പറഞ്ഞു.

കാസർകോട് മുതല്‍ പാറശ്ശാല വരെ സഞ്ചരിച്ചാലും ആരും കേസിനെക്കുറിച്ച്‌ തന്നോട് ചോദിക്കില്ല. സിനിമയെ കുറിച്ചോ രാഷ്ട്രീയത്തേ കുറിച്ചോ ആയിരിക്കും ചോദ്യങ്ങള്‍. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത് അവരുടെ അഭിപ്രായമാണ്. തന്റെ അഭിപ്രായം പറയാറായിട്ടില്ലെന്നും മുകേഷ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസ് മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്നും എം.എല്‍.എയെ പുറത്താക്കിയിരുന്നു. തുടർന്ന് മുകേഷ് ഉള്‍പ്പടെയുളള ഇടതുപക്ഷ നേതാക്കള്‍ക്കെതിരെ ആരോപണം ഉയർന്നപ്പോള്‍ എന്ത് നടപടിയാണ് സി.പി.എം സ്വീകരിച്ചതെന്നും ചോദ്യമുയർത്തിയിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ മുകേഷിന്റെ പ്രതികരണം പുറത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *