തെരഞ്ഞെടുപ്പുകള്‍ വരുമ്ബോള്‍ ഭീഷണിയുമായി ഇഡി സ്ഥിരമായി വരികയാണെന്നും ഇഡി എന്നത് ഇപ്പോള്‍ കേന്ദ്ര സർക്കാരിൻ്റെ കേഡിയായി മാറിക്കഴിഞ്ഞതായും സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ പറഞ്ഞു.
പയ്യന്നൂർ നഗരസഭയിലെ കാര 36-ാം വാർഡ് എല്‍ ഡി എഫ് സ്ഥാനാർഥി കോണ്‍ഗ്രസ് എസിലെ പി ജയൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവും വെറുപ്പിൻ്റെ രാഷ്ട്രീയവുമായി മുന്നോട്ടു പോകുന്ന മോഡിയുടെ ബിജെപിയുടെ ആർഎസ്എസ് നയിക്കുന്ന രാഷ്ട്രീയത്തെ തിരിച്ചറിയാൻ നമുക്ക് കഴിയണം.
തൊഴിലാളികള്‍ക്ക് മിനിമം കൂലി പോലും നിഷേധിക്കുന്നതാണ് പുതിയ തൊഴില്‍ നിയമങ്ങള്‍. തൊഴിലാളിക്ക് വേണ്ടിയല്ല മുതലാളിക്ക് വേണ്ടിയാണ് നിയമം. സമൂഹത്തിന് മുമ്ബാകെ എവിടെയായാലും വികസന പ്രവർത്തനങ്ങളുടെ തായാലും ക്ഷേമപദ്ധതികളുടെതായാലും രാഷ്ട്രീയ നയമായാലും എന്താണ് അവതരിപ്പിക്കുന്നത് എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുമ്ബിലുള്ള ചോദ്യം. 36-ാം വാർഡില്‍ പ്രസ്ഥാനത്തിനെതിരായി ഒരു വ്യക്തി റിബലായി മത്സര രംഗത്തുണ്ട്. എന്താണ് ഇയാളുടെ ഉദ്ദ്യേശമെന്നും എം.വി ജയരാജൻ ചോദിച്ചു. വ്യക്തമായ രാഷ്ട്രീയവും നയപരിപാടികളും വികസന കാഴ്ചപ്പാടും ക്ഷേമപദ്ധതികളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷത്തെ തോല്‍പ്പിക്കാൻ മത്സരിക്കുന്നവർ ഈ കാര്യത്തില്‍ മറുപടി പറയേണ്ടതാണ്.
ഇവിടെ വ്യക്തിപരമല്ല കാര്യങ്ങള്‍ എല്ലാം രാഷ്ട്രീയപരമാണ്. പ്രസ്ഥാനമാണ് വലുത്. സ്വർണം കായ്ക്കുന്ന മരമാണെങ്കില്‍ പോലും സ്വന്തം വീടിനു നേരെ ചാഞ്ഞാല്‍ അതു മുറിച്ചു മാറ്റിയല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും എം വി ജയരാജൻ പറഞ്ഞു. വി ബാലൻ അധ്യക്ഷനായി. പി സന്തോഷ്, സരിൻ ശശി, കെ കെ ഗംഗാധരൻ, ടി വിശ്വനാഥൻ, പി ശ്യാമള, കെ ഹരിഹർ കുമാർ, ഒ ടി സുജേഷ്, പോത്തേര കൃഷ്ണൻ, കെ സതീശൻ എന്നിവർ സംസാരിച്ചു.
