നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് താന്‍ മത്സരിക്കുമെന്നറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
സ്ഥാനാര്‍ത്ഥികളെ പറ്റിയുള്ള ചര്‍ച്ച പാര്‍ട്ടിയില്‍ ആരംഭിക്കുന്നതിന് മുന്‍പേയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. പാര്‍ട്ടി യോഗം ചേര്‍ന്ന ശേഷമാണ് ബിജെപിയില്‍ സാധാരണയായി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത്. എന്നാല്‍ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് പാര്‍ട്ടി അധ്യക്ഷന്റെ പ്രഖ്യാപനം.
തൃശൂര്‍ പ്രസ് ക്ലബിന്റെ വോട്ട് വൈബ് എന്ന പരിപാടിയിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തല്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിനായിരുന്നു താന്‍ നൂറ് ശതമാനം മത്സരിക്കുമെന്നും വേണമെങ്കില്‍ മണ്ഡലം ഏതാണെന്ന് പറയാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. പിന്നാലെ നേമത്ത് മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നിലവില്‍ നേമത്തെ എംഎല്‍എ മന്ത്രി വി ശിവന്‍കുട്ടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖര്‍ ഒരു സമയം ലീഡ് നേടിയിരുന്നു. ഇതിന് പുറമെ ബിജെപിക്ക് സംസ്ഥാനത്ത് ആദ്യമായി എംഎല്‍എയെ ലഭിച്ചതും നേമത്തായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
