ചിത്രീകരണം പൂർത്തിയാകും മുൻപേ തന്നെ ദൃശ്യം 3യുടെ മുഴുവൻ ആഗോള തിയറ്റർ ഓവർസീസ്, ഡിജിറ്റല്‍, എയർബോണ്‍ അവകാശങ്ങള്‍ സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്.
ഏകദേശം നൂറ് കോടിക്കു മുകളിലാണ് ഈ ഡീലിലൂടെ നിർമാതാവിനു ലഭിക്കുക.ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ് ഡീല്‍ കൂടിയാണിത്.
അതേസമയം ചിത്രീകരണം പൂർത്തിയാക്കുന്നതിനും തിയറ്ററുകളിലേയ്ക്കെത്തുന്നതിന് മുൻപേ തന്നെ ദൃശ്യം 3 അതിന്റെ മുതല്‍മുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സിനിമയുടെ റീമേക്ക് റൈറ്റ്സ് ഇതുവരെയും നല്‍കിയിട്ടില്ല.
ബോളിവുഡ് നിര്മാണക്കമ്ബനിയായ പനോരമ സ്റ്റുഡിയോസ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകള്‍ ലീക്ക് ആയതോടെയാണ് ഈ വിവരം പ്രേക്ഷകരിലേക്കെത്തുന്നത്. ദൃശ്യത്തിന്റെ ആദ്യരണ്ടുഭാഗങ്ങള് ഹിന്ദിയില്‍ റീമേക്ക് ചെയ്തിറക്കിയ നിര്മാണക്കമ്ബനിയാണ് പനോരമ സ്റ്റുഡിയോസ്.
അതേസമയം സിനിമയുടെ മലയാളം പതിപ്പാകും ആദ്യം തിയറ്ററുകളിലെത്തുകയെന്നും രണ്ട് മാസങ്ങള്‍ക്കുശേഷം മാത്രമാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയെന്നും സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ അവസാനം തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ച ദൃശ്യം 3 അവസാനഘട്ടത്തോട് അടുക്കുകയാണ്. നവംബർ 30ന് തൊടുപുഴയില്‍ തന്നെയാകും പാക്കപ്പ്. ജനുവരിയിലോ മാർച്ചിലോ ചിത്രം തിയറ്ററുകളിലെത്തും.
